ജാർഖണ്ഡിലെ ദിയോഘറില്‍ കൻവാർ തീർഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് 18 പേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. കൻവാരിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്, ഗ്യാസ് സിലിണ്ടറുകള്‍ കൊണ്ടുപോകുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ 4:30 ഓടെ മോഹൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജമുനിയ വനത്തിന് സമീപമാണ് അപകടം. അപകടത്തില്‍ ഉണ്ടായ മരണം ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവർക്കുള്ള ചികിത്സ ഉറപ്പാക്കുന്നതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.