പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കായി കയര്‍ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ നൈപുണ്യ വികസന പരിശീലന പരിപാടിയുമായി സര്‍ക്കാര്‍. തൊഴില്‍ നൈപുണ്യ പരിശീലനത്തിലൂടെ അവരെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭം നടപ്പിലാക്കുന്നത്. പരിശീലനം വഴി വിവിധ സഹകരണ സംഘങ്ങളിലും പ്രൊഡക്ഷന്‍ യൂണിറ്റുകളിലും സ്ഥിരവരുമാനം നേടാന്‍ വനിതകളെ പ്രാപ്തരാക്കും. പട്ടികജാതി വികസന വകുപ്പും നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരളത്തിലുടനീളം വൈവിധ്യമാര്‍ന്ന കയര്‍ ഉല്‍പ്പന്നങ്ങളില്‍ NCRMI പരിശീലനം നല്‍കിവരുന്നുണ്ട്. പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ആദ്യമായി നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ മൂന്ന് പ്രധാന കയര്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള പ്രായോഗിക പരിശീലനമാണ് ലഭ്യമാക്കുക. ഇതിനോടകം 500 ഓളം പരിശീലനാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. പദ്ധതിക്കായി എസ്.സി.എസ്.ടി. ഡിപ്പാര്‍ട്ട്‌മെന്റ് വഴി 1.92 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് പാസായ, 50 വയസില്‍ താഴെയുള്ള പട്ടികജാതി വനിതകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കേരളത്തിലെ 10 ജില്ലകളിലായി സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ കയര്‍ ഫ്രെയിം മാറ്റ് നിര്‍മാണം, ചകിരിച്ചോര്‍ കമ്പോസ്റ്റ് നിര്‍മാണം, കയര്‍ ഭൂവസ്ത്ര നിര്‍മാണം എന്നിവയിലാണ് പരിശീലനം നല്‍കുക. വിവിധതരം ഫ്രെയിമുകളില്‍ വൈവിധ്യമാര്‍ന്ന ചവിട്ടികള്‍ നിര്‍മ്മിക്കുന്നതിന് 15 ബാച്ചുകളിലായി പരിശീലനം നല്‍കും. ഓരോ ബാച്ചിലും 10 വനിതകളെയാണ് ഉള്‍പ്പെടുത്തുന്നത്. 30 ദിവസത്തെ പരിശീലനവും 25 ദിവസത്തെ ഇന്റേണ്‍ഷിപ്പും ഇതില്‍ ഉള്‍പ്പെടുന്നു. പരിശീലനാര്‍ത്ഥികള്‍ക്ക് പ്രതിദിനം 300 രൂപ സ്‌റ്റൈപ്പന്‍ഡും 25 ദിവസത്തെ ഇന്റേണ്‍ഷിപ്പിന് പ്രതിദിനം 500 രൂപ വേതനമായും ലഭിക്കും.
NCRMI യുടെ കുടപ്പനക്കുന്നിലുള്ള ക്യാമ്പസില്‍ സൗജന്യ താമസ സൗകര്യത്തോടെയാണ് ചകിരിച്ചോര്‍ കമ്പോസ്റ്റ് നിര്‍മ്മാണ പരിശീലനം നല്‍കുക. സുസ്ഥിര കൃഷിക്കും പൂന്തോട്ട പരിപാലനത്തിനും ഏറെ പ്രാധാന്യമുള്ളതാണ് ചകിരിച്ചോര്‍ കമ്പോസ്റ്റ്. 2 ദിവസത്തെ പരിശീലനവും 25 ദിവസത്തെ ഇന്റേണ്‍ഷിപ്പും ലഭിക്കും. ഇതിനു മാത്രമായി ഏകദേശം 75 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പരമാവധി 25 ദിവസത്തേക്ക് പ്രതിദിനം 500 രൂപ നിരക്കില്‍ വേതനത്തോടുകൂടിയ ഇന്റേണ്‍ഷിപ്പും 2 ദിവസത്തെ പരിശീലന കാലയളവില്‍ പ്രതിദിനം 300 രൂപ സ്‌റ്റൈപ്പന്‍ഡും ലഭിക്കും. 20 പേരടങ്ങുന്ന എട്ട് ബാച്ചുകളായാണ് പരിശീലനം.
മണ്ണൊലിപ്പ് തടയുന്നതിനും ചരിഞ്ഞ പ്രദേശങ്ങള്‍ ബലപ്പെടുത്തുന്നതിനും കാര്‍ഷിക വിളകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും റോഡ് നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നമാണ് കയര്‍ ജിയോ ടെക്‌സ്‌റ്റൈല്‍സ്. കയര്‍ ഭൂവസ്ത്ര നിര്‍മ്മാണത്തിലെ പ്രായോഗിക പരിശീലനം, സാങ്കേതിക പരിജ്ഞാനം, വിതരണ പരിശീലനം, വിവിധതരം കയറുകളെക്കുറിച്ചുള്ള അവബോധം എന്നിവ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 35 ദിവസം 10 പേരടങ്ങുന്ന മൂന്ന് ബാച്ചുകളായാണ് പരിശീലനം. പരിശീലന കാലയളവില്‍ പ്രതിദിനം 300 രൂപ സ്‌റ്റൈപ്പന്‍ഡും 30 ദിവസത്തെ ഇന്റേണ്‍ഷിപ്പിന് പ്രതിദിനം 675 രൂപയും വേതനമായി നല്‍കും. സൗജന്യ താമസ സൗകര്യവും ലഭിക്കും.