India

തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ മാറ്റമോ? മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ചു

മുഖ്യമന്ത്രി സ്റ്റാലിനെ സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ നടപടി തമിഴ്വനാട്ടില്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നു. മധുര പാര്‍ലമെന്ററി മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എ.ഐ.എ.ഡി.എം.കെ എംപി ഗോപാലകൃഷ്ണന്‍ ഒ.പി. രവീന്ദ്രനാഥനൊപ്പമാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയെ കാണാന്‍ ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും അകമ്പടി സേവിക്കുകയും ചെയ്തു. ഇത് തമിഴ്‌നാട് രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ന് രാവിലെ നടന്ന കൂടിയാലോചനാ യോഗത്തിന് ശേഷം, ഒ. പനീര്‍സെല്‍വം നയിക്കുന്ന എഐഎഡിഎംകെ വളണ്ടിയേഴ്‌സ് റൈറ്റ്‌സ് റിക്കവറി കമ്മിറ്റിയുടെ ഉപദേഷ്ടാവായ പന്‍രുട്ടി എസ്. രാമചന്ദ്രന്‍ ബിജെപിയുമായുള്ള സഖ്യം വിടുന്നതായി പ്രഖ്യാപിച്ചു. നിലവില്‍ ഒരു സഖ്യത്തിലും ഇല്ലെന്നും പ്രഖ്യാപിച്ചു.

ഇന്ന് ചെന്നൈയില്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി നടന്ന കൂടിയാലോചനാ യോഗത്തിന് ശേഷം ഒ. പനീര്‍സെല്‍വത്തിന്റെ സാന്നിധ്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് പന്‍രുട്ടി രാമചന്ദ്രന്‍ ഈ പ്രസ്താവന നടത്തിയത്. ബിജെപി സഖ്യത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം എന്തുകൊണ്ടാണ് എടുത്തതെന്ന് ചോദിച്ചപ്പോള്‍, ‘ബിജെപി നമ്മളോട് എന്താണ് ചെയ്തതെന്ന് രാജ്യം അറിയും. ഒപിഎസ് തമിഴ്‌നാട് മുഴുവന്‍ പര്യടനം നടത്തും. ഇപ്പോള്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ല, ഭാവിയിലെ സാഹചര്യം അനുസരിച്ച് ഞങ്ങള്‍ തീരുമാനമെടുക്കും’ എന്ന് അദ്ദേഹം മറുപടി നല്‍കി.

ഡിഎംകെയെ പരാജയപ്പെടുത്തുക എന്നതാണോ നിങ്ങളുടെ ഉദ്ദേശ്യമെന്ന് ചോദിച്ചപ്പോള്‍, ‘ആരെയും പരാജയപ്പെടുത്തുക എന്നത് ഞങ്ങളുടെ ഉദ്ദേശ്യമല്ല, അവരെ അഭിനന്ദിക്കുക മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’ എന്ന് അദ്ദേഹം മറുപടി നല്‍കി. ഇന്ന് രാവിലെ, ഒ. പനീര്‍സെല്‍വം മുഖ്യമന്ത്രി സ്റ്റാലുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഒരു ചിത്രം പുറത്തുവന്നിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒ. പനീര്‍സെല്‍വം പറഞ്ഞു, ‘ഞാന്‍ ചെന്നൈയില്‍ ആയിരുന്നപ്പോള്‍ അഡയാറില്‍ നടക്കാന്‍ പോകാറുണ്ടായിരുന്നു, മുഖ്യമന്ത്രിയും അവിടെ നടക്കാന്‍ പോയിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ടു, അദ്ദേഹത്തെ അഭിവാദ്യം ചെയ്ത് പോയി എന്നാണ് പനീര്‍ ശെല്‍വത്തിന്റെ പറഞ്ഞത്.

അതിനിടെ, ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചെന്നൈ അൽവാർപേട്ടിലെ വസതിയിലെത്തിയാണ് പ്രേമലത അദ്ദേഹത്തെ കണ്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു മുഖ്യമന്ത്രി സ്റ്റാലിൻ. ഈ സാഹചര്യത്തിൽ പ്രേമലത വിജയകാന്ത് മുഖ്യമന്ത്രിയുടെ വസതിയിൽ നേരിട്ട് കണ്ട് ആരോഗ്യകാര്യങ്ങൾ അന്വേഷിച്ചു. പ്രേമലത വിജയകാന്തിനൊപ്പം ഡിഎംഡികെ ട്രഷറർ എൽകെ സുതീഷും മുതിർന്ന എക്സിക്യൂട്ടീവ് പാർത്ഥസാരഥിയും മുഖ്യമന്ത്രിയെ കണ്ടു.