സംശയത്തെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. പതിവായി മദ്യപിച്ചെത്തുന്ന അച്ഛനെ കുട്ടികള്‍ക്കുവരെ ഭയമായിരുന്നു. അവരുടെ മുന്നിൽ വച്ചായിരുന്നു ഇയാൾ ശാരിമോളോടും വീട്ടുകാരോടും സ്ഥിരമായി വഴക്കിടുന്നത്.ശനിയാഴ്ചയും ശാരിയുടെ ഭർത്താവ് മദ്യപിച്ചിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തിരുന്ന ശാരിമോളെ വീട്ടിൽ കൂട്ടിക്കൊണ്ടു വന്നതിനു ശേഷമായിരുന്നു വഴക്ക് നടന്നത്. ശാരിയുടെ ഭർത്താവ് വെല്‍ഡിങ് തൊഴിലാളിയാണെങ്കിലും സ്ഥിരമായി ജോലിക്ക് പോകില്ല. സ്‌കൂട്ടര്‍ വേണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ശാരി തവണ വ്യവസ്ഥയില്‍ വാങ്ങിക്കൊടുത്തെങ്കിലും അതിന്റെ അടവുകള്‍ മുടക്കിയിരുന്നു. പലപ്പോഴും അമ്മയെ ഉപദ്രവിക്കുന്നതു കണ്ടു കുട്ടികള്‍ വാവിട്ട് നിലവിളിക്കുമെങ്കിലും ഇയാൾ അതൊന്നും കാര്യമാക്കാറില്ലെന്നും ഉപദ്രവിക്കരുതെന്ന് പറഞ്ഞ് കുട്ടികള്‍ കാലുപിടിച്ച് കരഞ്ഞാലും ഇയാൾ പിന്മാറില്ലെന്നും അയൽവാസികളും പറഞ്ഞു. ഇയാൾ ശാരിയുടെ ബന്ധുക്കളുമായും അയല്‍വാസികളുമായും അടുപ്പത്തിലായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
പല തവണ ശാരി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ചെന്നും ഇയാൾ വഴക്കുണ്ടാക്കിയിട്ടുണ്ട്. ജോലി സമയം കഴിയും മുൻപേ ഇറങ്ങി വരൻ ആവശ്യപ്പെട്ടുകൊണ്ടാണ് വഴക്ക്. ഒടുവിൽ സ്ഥാപനത്തിന്റെ ഉടമ ഇയാൾ ഉള്ളിൽ കയറുന്നതുവരെ വിലക്കിയിരുന്നു. മദ്യപാനിയായ ഭർത്താവിനെതിരെ ശാരിമോൾ പലതവണ കോയിപ്രം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ കേസെടുക്കാമെന്ന് പോലീസ് പറയുമ്പോൾ താക്കീതു ചെയ്ത് വിട്ടാൽ മതിയെന്ന് ശാരി തന്നെ പറയും. രണ്ടുപേരെയും ഒട്ടേറെ തവണ പോലീസ് കൗൺസിലിങിനും അയച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
















