വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ്ജവേലികളുടെ തകരാറുകള്‍ വനം വകുപ്പിന് സൃഷ്ടിച്ചിരുന്ന തലവേദനയ്ക്ക് ശാശ്വത പരിഹാരമായി. സോളാര്‍ ഫെന്‍സുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുകയാണ് വനം വകുപ്പിന്റെ സോളാര്‍ ഫെന്‍സ് സര്‍വീസ് സെന്റര്‍. മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് തടയുകയും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തിന്റെ വനാതിര്‍ത്തികളില്‍ സൗരവേലി സ്ഥാപിക്കുന്നത്. എന്നാല്‍ വന്യജീവികളുടെ അതിക്രമങ്ങളിലൂടെ സൗരവേലിക്ക് മിക്കപ്പോഴും കേടുപാടുകള്‍ സംഭവിക്കാറുണ്ട്. പിന്നീട് ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വലിയ കാലതാമസം നേരിട്ടിരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് മിഷന്‍ ഫെന്‍സിങ്ങിന്റെ കീഴില്‍ കേരളത്തിലെ ആദ്യത്തെ സോളാര്‍ ഫെന്‍സ് സര്‍വീസ് സെന്റര്‍ നോര്‍ത്ത് വയനാട് ഡിവിഷനിലെ മാനന്തവാടിയില്‍ 2025 ഫെബ്രുവരി 20ന് ആരംഭിച്ചത്.
സാധാരണയായി, എനര്‍ജസൈര്‍ (Energizer), ബാറ്ററി, ബാറ്ററി ചാര്‍ജര്‍, ഡി വി എം (DVM) മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് ചെറിയ തകരാറുകള്‍ സംഭവിച്ചാല്‍പ്പോലും അത് പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. ഇത് സോളാര്‍ ഫെന്‍സിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും വന്യമൃഗങ്ങളെ തടയുന്നതില്‍ പരാജയപ്പെടുകയും ചെയ്യും. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് മാനന്തവാടിയില്‍ മെയ്ന്റനന്‍സ് സെന്റര്‍ സ്ഥാപിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ Energizer, ബാറ്ററി, DVM മെഷീനുകള്‍ ഉള്‍പ്പെടെ 288 എണ്ണം എന്നിവ ഇവിടെ നന്നാക്കി പ്രവര്‍ത്തനക്ഷമമാക്കി. കൂടാതെ 87 ബാറ്ററികളും ചാര്‍ജ് ചെയ്ത് വീണ്ടും ഉപയോഗപ്രദമാക്കി. നോര്‍ത്ത് വയനാട് ഡിവിഷന്‍, സൗത്ത് വയനാട് ഡിവിഷന്‍, വൈല്‍ഡ് ലൈഫ് ഡിവിഷന്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍, നിലമ്പൂര്‍ നോര്‍ത്ത്, മാങ്കുളം, ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപകരണങ്ങളാണ് ഈ സെന്ററില്‍ അറ്റകുറ്റപ്പണി നടത്തിയത്.
കേടായ ഉപകരണങ്ങള്‍ പുറത്തു കൊടുത്ത് നന്നാക്കുന്നതിന് ഏകദേശം 50 ലക്ഷം രൂപ വേണ്ടി വരുന്നിടത്ത് ഒരു ലക്ഷത്തി മുപ്പതിനായിരം (1.3 ലക്ഷം) രൂപയില്‍ താഴെ മാത്രമാണ് വകുപ്പിന്റെ സര്‍വ്വീസ് സെന്ററില്‍ ചെലവ് വന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കേടായ ഉപകരണങ്ങള്‍ മാനന്തവാടിയിലെ സര്‍വീസ് സെന്ററില്‍ എത്തിച്ച് റിപ്പയര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. പാഴ്‌സല്‍ വഴിയും ഉപകരണങ്ങള്‍ അയയ്ക്കുന്നതിനുള്ള സംവിധാനങ്ങളും ലഭ്യമാണ്. സര്‍വ്വീസ് സെന്ററിന്റെ പ്രവര്‍ത്തനം സോളാര്‍ ഫെന്‍സുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും വന്യമൃഗങ്ങളില്‍ നിന്ന് ജനങ്ങളെ കൂടുതല്‍ സുരക്ഷിതരാക്കാനും വനം വകുപ്പിന് ഏറെ പ്രയോജനപ്രദമായിരിക്കുകയാണ്.
















