ധര്‍മസ്ഥലയില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ മുന്‍ ശുചീകരണ തൊഴിലാളിയുടെ പേരുവിവരങ്ങള്‍ പുറത്ത് വിടണമെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍ അശോക. മുഖം മൂടി നടക്കുന്ന സാക്ഷിയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും കേസന്വേഷണം എന്‍ ഐ എയ്ക്ക് കൈമാറണമെന്നും ആര്‍ അശോക ആവശ്യപ്പെട്ടു.
ധര്‍മസ്ഥലയില്‍ കുഴികള്‍ കുഴിച്ച് പരിശോധന നടത്തലിന് നേതൃത്വം നല്‍കുന്ന മാസ്‌ക് ധരിച്ചയാള്‍ ആരാണ്? അയാളുടെ പേര് ചിന്നയ്യ എന്നാണ് എന്നും അയാള്‍ ക്രിസ്തുമതം സ്വീകരിച്ചുവെന്നുമാണ് ആളുകള്‍ പറയുന്നത്. പൊലീസ് അയാള്‍ക്ക് സംരക്ഷണം കൊടുക്കുന്നു, കഴിക്കാന്‍ ബിരിയാണി വാങ്ങിക്കൊടുക്കുന്നു. അയാളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നു. പക്ഷെ ഒരു എലിയെപ്പോലും കണ്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞില്ല. കോടതി ഉത്തരവോ നിര്‍ദേശങ്ങളോ ഇല്ലാതെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അതിനുപിന്നില്‍ വിദേശഫണ്ടുകളും ഗൂഢാലോചനയും ഉണ്ടാകാം. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ എന്‍ ഐ എ അന്വേഷണം വേണം- ആര്‍ അശോക പറഞ്ഞു.
മുന്‍ ശുചീകരണ തൊഴിലാളിയുടെ പരാതിയില്‍ ഒരുകോടി രൂപയിലധികം ചിലവഴിച്ച് ഭാരമേറിയ യന്ത്രങ്ങളും ഡ്രോണുകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലാണ് ആര്‍ അശോക ഇക്കാര്യം പറഞ്ഞത്.
















