സംസ്ഥാനത്ത് ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് സുരക്ഷാ നിയന്ത്രണം വരുന്നു. വൈദ്യുതി സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന ഊർജ വകുപ്പ് ഉത്തരവിറക്കി. പൊലീസിന്റെയും കെഎസ്ഇബിയുടേയും മുൻകൂർ അനുമതിയില്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കും.
വലിയ കെട്ടുകാഴ്ചകൾക്ക് ഒരുമാസം മുമ്പ് മുൻകൂർ അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നും വാടക കെട്ടുകാഴ്ചകൾ ഉത്സവ സ്ഥലങ്ങളിലേക്ക് കൊണ്ടു വരുന്നത് പൂർണ്ണമായും ഒഴിവാക്കുക.
ഇത്തരത്തിൽ കൊണ്ടുവരേണ്ട ഏതെങ്കിലും സാഹചര്യം ഉണ്ടായാൽ ഇക്കാര്യത്തിൽ വെദ്യുതി ലൈനുകൾ അഴിക്കേണ്ടാത്ത രീതിയിൽ കെട്ടുകാഴ്ചകളുടെ ഉയരം നിജപ്പെടുത്തി പൊലീസിന്റേയും കെഎസ്ഇബിയുടേയും മുൻകൂർ അനുമതി വാങ്ങി മാത്രം കെട്ടുകാഴ്ചകൾ കൊണ്ടു വരിക.
അനുമതി ഇല്ലാതെ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരവും മറ്റ് ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
















