യുവതിയെ റോഡരികില്‍ വാനില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി. ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലാണ് സംഭവം. ജോലി വാഗ്‌ദനം ചെയ്‌ത് വാനില്‍ കയറ്റിയ യുവതിയെ ഉദാല-ബാലസോർ സംസ്ഥാന പാതയിൽ അഞ്ച് പുരുഷന്മാർ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്‌ചയാണ് സംഭവം നടന്നതെന്ന് ഉദാല സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്‌ഡിപിഒ) ഹൃഷികേശ് നായിക് അറിയിച്ചു.
പ്രധാന പ്രതിയും മറ്റൊരാളും ഒരു വാനിൽ ഇരയുടെ വീട്ടിലെത്തി. ജോലി വാഗ്‌ദാനം ചെയ്‌ത് അവര്‍ സ്‌ത്രീയെ വാനില്‍ കയറ്റി വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി. വഴിയിൽ, മറ്റ് മൂന്ന് പ്രതികളും അവരോടൊപ്പം ചേർന്നു. ബംഗിരിപോഷിയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ കാറിൽ സഞ്ചരിച്ച ശേഷം, അവർ ഒരു റോഡരികിൽ വാഹനം നിർത്തി ബലാത്സംഗം ചെയ്‌തു എന്നാണ് യുവതി നല്‍കിയ പരാതിയിൽ പറയുന്നത്.
പുരുഷന്മാര്‍ ബലപ്രയോഗം നടത്തിയതോടെ ഇര നിലവിളിക്കാൻ തുടങ്ങിയെന്ന് ഹൃഷികേശ് നായിക് പറഞ്ഞു. ഇതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന പ്രതികള്‍ സ്ത്രീയെ വാഹനത്തിൽ നിന്ന് തള്ളിയിട്ട് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ അവരെ രക്ഷപ്പെടുത്തുകയും വീട്ടിലെത്താന്‍ സഹായം ചെയ്യുകയും ചെയ്‌തുവെന്നും ഉദാല സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്‌ഡിപിഒ) ഹൃഷികേശ് നായിക് വ്യക്തമാക്കി.
വീട്ടിലെത്തിയ ഇര തന്‍റെ ദുരനുഭവം കുടുംബത്തോട് പറഞ്ഞതായും തുടർന്ന് ഉഡാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. സ്‌ത്രീയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌ഡിപിഒ കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്ത് സ്‌ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറെന്നെന്ന് റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. ദേശീയ വനിതാ കമ്മീഷന്‍റെ 2025 നാരി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സ്‌ത്രീസുരക്ഷ സംബന്ധിച്ച 31 നഗരങ്ങളുടെ പട്ടികയാണ് കമ്മീഷന്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിലാണ് ഭുവനേശ്വര്‍ തലപ്പത്ത് എത്തിയിരിക്കുന്നത്.
















