കോഴിക്കോട്: ബാലുശ്ശേരി കിനാലൂരിൽ ബിഹാർ സ്വദേശിയെ പരിക്കേറ്റ നിലയിൽ നാട്ടുകാർ പിടികൂടി. കയ്യിൽ സ്ത്രീയുടെ രക്തം പുരണ്ട അടിവസ്ത്രങ്ങളും ഒരു ജോഡി ഷൂവും ഉണ്ടായിരുന്നു. കിനാലൂർ ചെരുപ്പ് കമ്പനിയിൽ ജോലിക്കാരനാണ് പരിക്കേറ്റ ബിഹാർ സ്വദേശി. പോലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കിനാലൂർ പാറതലക്കൽ ബാബുരാജിന്റെ വീട്ടുമുറ്റത്താണ് ഇയാളെ കണ്ടെത്തിയത്. രാവിലെ വീട്ടുകാർ ഉണർന്ന് വാതിൽ തുറന്നപ്പോഴാണ് വാതിലിന്റെ തൊട്ടുമുന്നിൽ ബിഹാർ സ്വദേശിയെ കണ്ടത്. തലപ്പൊട്ടി രക്തമൊലിക്കുന്ന നിലയിലായിരുന്നു ഇയാൾ.ഇയാൾ ഇന്നലെ മദ്യപിച്ചിരുന്നതായും മുറിവിൽ നിന്ന് രക്തം വാർന്നുപോകുന്നത് തടയാൻ ഏതെങ്കിലും വീട്ടിൽ നിന്ന് തുണി എടുത്തതാവാം എന്നുമാണ് പോലീസിന്റെ നിഗമനം.
















