Thiruvananthapuram

ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ഉന്നമനത്തിനായി ‘ഏകത്വ’ പദ്ധതിക്ക് തുടക്കം കുറിച്ച് എച്ച്എൽഎൽ

തിരുവനന്തപുരം:  ട്രാൻസ്ജെൻഡർ വിഭാഗത്തെ ശാക്തീകരിക്കുന്നതിനായി ‘ഏകത്വ’ പദ്ധതിക്ക് തുടക്കം കുറിച്ച് എച്ച്എൽഎൽ ലൈഫ്കെയര്‍ ലിമിറ്റഡ് (എച്ച്എൽഎൽ). കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിനിരത്ന പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

എച്ച്എൽഎല്ലിന്റെ സാമൂഹിക വിദ്യാഭ്യാസ വികസന വിഭാഗമായ എച്ച്എൽഎൽ മാനേജ്മെന്റ് അക്കാദമി (എച്ച്എംഎ) നദി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി, തൊഴില്‍ നൈപുണ്യ പരിശീലനം, സംരംഭകത്വ പിന്തുണ, മാനസികാരോഗ്യ ഇടപെടലുകൾ എന്നീ സേവനങ്ങൾ വഴി  കേരളത്തിലെ ട്രാൻസ്ജെൻഡർ വിഭാഗത്തിന് മെച്ചപ്പെട്ട ഉപജീവനമാർഗ്ഗവും മാനസിക ക്ഷേമവും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്തെ കാപ്പിനെസ് മെന്റൽ ഹെൽത്ത് കഫേ ആന്റ് തെറാപ്പിക് സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ എച്ച്എൽഎൽ വൈസ് പ്രസിഡന്റ്  ഡോ. എസ്. എം. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്  ഷംനാദ് ഷംസുദീൻ, കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രിൻസിപ്പാൽ സലിം കുമാർ എന്നിവർ ചേർന്ന് വിളക്കു കൊളുത്തി നിർവഹിച്ചു. ചടങ്ങിൽ നദി ഫൗണ്ടേഷൻ ഡയറക്ടർ പി.ബി. പ്രബിൻ  സ്വാഗതം പറഞ്ഞു.

തുടർന്ന് പദ്ധതിയുടെ ഗുണഭോക്താകൾക്കായുള്ള  ഓറിയന്റേഷൻ സെഷൻ നടന്നു. പ്രോജക്ട് കോഡിനേറ്റർ ശാക്യ എസ്. പ്രിയംവദ പദ്ധതിയുടെ ലക്ഷ്യങ്ങൾ ഗുണഭോക്താകൾക്കായി വിശദീകരിച്ചു. തുടർന്ന് തൊഴിലധിഷ്ഠിത പരിശീലനത്തെയും ഉപജീവന അവസരങ്ങളെയും കുറിച്ചുള്ള സെഷനുകളും ഗുണഭോക്താക്കായുള്ള സംവാദ പരിപാടിയും നടന്നു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്രമായ സാമൂഹിക വികസനം ഉറപ്പാക്കുക എന്ന എച്ച്എൽഎല്ലിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ്  ‘ഏകത്വ’ പദ്ധതി നടപ്പാക്കുന്നത്.

Latest News