ആഗ്ര (ഉത്തർപ്രദേശ്): വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയും വാട്സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത വിവേക് ചൗഹാൻ എന്ന അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.
പോലീസിൻ്റെ പ്രാഥമിക അന്വേഷണപ്രകാരം, വിദ്യാർത്ഥിനിയുമായി ബന്ധപ്പെടാനായി അധ്യാപകൻ ആദ്യം അവൾക്ക് മൊബൈൽ ഫോൺ നൽകി. തുടർന്ന് അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ചു തുടങ്ങി.
വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയക്കുന്നത് പതിവായതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരം പുറത്തുപറയരുതെന്ന് ഇയാൾ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അധ്യാപകന്റെ ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ വിദ്യാർത്ഥിനി മാതാപിതാക്കളോട് വിവരം പറഞ്ഞു. ഉടൻതന്നെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
















