സുഡാനിൽ ഇന്ത്യക്കാരനായ യുവാവിനെ വിമതസംഘടനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) തട്ടിക്കൊണ്ടുപോയി. സുഡാനിലേക്ക് തൊഴിൽ തേടി പോയ ഒഡീഷ സ്വദേശി ആദർശ് ബെഹ്റ (36)യെയാണ് ആർഎസ്എഫ് തട്ടിക്കൊണ്ടുപോയത്. അൽ ഫാഷിർ നഗരത്തിലാണ് സംഭവം നടന്നത്.
സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് ഏകദേശം 1000 കിലോമീറ്റർ അകലെയുള്ള നഗരമാണ് അൽ ഫാഷിർ. 2022 മുതൽ സുഡാനിലെ സുകാരതി പ്ലാസ്റ്റിക് ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു ആദർശ്. ആദർശിനെ ആർഎസ്‌എഫിന്റെ ശക്തികേന്ദ്രമായ നയാല നഗരത്തിലേക്കു മാറ്റിയിട്ടുണ്ടാകാമെന്നതാണ് ലഭ്യമായ സൂചന.
സംഭവത്തെക്കുറിച്ച് ഇന്ത്യയും സുഡാനും തമ്മിൽ അടിയന്തരതലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതായി സുഡാനിലെ ഇന്ത്യൻ അംബാസഡർ മുഹമ്മദ് അബ്ദുള്ള അലി എൽതോം അറിയിച്ചു. ആദർശിന്റെ സുരക്ഷിതമായ മോചനം ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ആദർശ് ബെഹ്റ ആർഎസ്എഫ് സൈനികർക്കൊപ്പമുള്ള വീഡിയോ പുറത്ത് വന്നു. അവരിൽ ഒരാൾ നിങ്ങൾക്ക് ഷാരൂഖ് ഖാനെ അറിയുമോ എന്നും ആദർശ് ബെഹ്റയോട് ചോദിക്കുന്നുണ്ട്. നിലത്ത് കൂപ്പുകൈകളോടെ ഇരിക്കുന്നതും ക്യാമറയ്ക്ക് മുന്നിൽ ഒഡീഷ സർക്കാരിനോട് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നതും പുറത്തുവിട്ട വീഡിയോയിലുണ്ട്.