Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം | vd satheesan against devaswom board president

ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനേയും ബോര്‍ഡ് അംഗങ്ങളേയും പ്രതിചേര്‍ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേവസ്വം പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതി ചേര്‍ത്ത് എസ്.ഐ.ടി ചോദ്യം ചെയ്യണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിച്ച് ഒര്‍ജിനലാണോയെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാണ് വി ഡി സതീശന്റെ പ്രസ്താവന. ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലകള്ളന്മാര്‍ക്ക് കുടപിടിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പ് അറിഞ്ഞിട്ടും കോടതി വിധി ലംഘിച്ചാണ് സ്വര്‍ണം പൂശാന്‍ ശില്‍പങ്ങള്‍ വീണ്ടും അയാളെ ഏല്‍പ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നിലവിലെ ദേവസ്വം പ്രസിഡന്റിന്റെയും ബോര്‍ഡിന്റെയും ഭാഗത്തുനിന്നും നിയമ വിരുദ്ധ ഇടപെടലുണ്ടായെന്നു വ്യക്തം. കോടതിയെ കബളിപ്പിക്കാന്‍ നിലവിലെ ബോര്‍ഡ് ശ്രമിച്ചെന്ന സംശയവും ഹൈക്കോടതി വിധിയിലുണ്ട്. ബരിമലയിലെ അമൂല്യ വസ്തുക്കള്‍ അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ക്ക് വിറ്റോയെന്ന സംശയവും കോടതി പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശബരിമലയിലെ സ്വര്‍ണം ഉള്‍പ്പെടെ എല്ലാ വസ്തുക്കളും കോടതി നിരീക്ഷണത്തില്‍ പരിശോധിച്ച് മൂല്യനിര്‍ണയം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

STORY HIGHLIGHT : vd satheesan against devaswom board president