ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 64.66 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2000 ല്‍ ആയിരുന്നു ഇതിനുമുമ്പ്, ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 62.57 ശതമാനം വോട്ടര്‍മാരാണ് അന്ന് പോളിങ് ബൂത്തിലെത്തിയത്. 1998 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 64.6 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. പോളിങ്ങിലെ ഉയര്‍ച്ചയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നന്ദി അറിയിച്ചു. വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ പ്രവര്‍ത്തിച്ച ജീവനക്കാരുടെ പ്രവര്‍ത്തനങ്ങയും അദ്ദേഹം അഭിനന്ദിച്ചു.
ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയ വലിയ വോട്ടിങ് ശതമാനം ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. ആദ്യ ഘട്ട വോട്ടെടുപ്പില്‍ എന്‍ഡിഎ ഗണ്യമായ മേല്‍കൈ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിലും ഈ മുന്നേറ്റം തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. വോട്ടെടുപ്പിനിടെ, ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം ഉണ്ടായി. സ്വന്തം മണ്ഡലമായ ലഖിസരായിയില്‍ ബൂത്ത് സന്ദര്‍ശനത്തിനിടെ ആയിരുന്നു സംഭവം. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് മന്ത്രിയെ തടഞ്ഞ ജനക്കൂട്ടം വാഹനവ്യൂഹം തടഞ്ഞ് ചെരിപ്പുകളും കല്ലുകളും എറിഞ്ഞു. ആര്‍ജെഡി ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് വിജയ് കുമാര്‍ സിന്‍ഹയുടെ പ്രതികരണം. പ്രതിഷേധക്കാര്‍ക്ക് നേരെ ബുള്‍ഡോസറുകള്‍ ഉരുളുമെന്ന ഭീഷണിയും വിജയ് കുമാര്‍ സിന്‍ഹ നടത്തി.
121 മണ്ഡലങ്ങളാണ് ബിഹാറില്‍ ഒന്നാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തിയത്. 1314 സ്ഥാനാര്‍ഥികള്‍ ആണ് ഈ ഘട്ടത്തില്‍ ജനവിധി ജനവിധി തേടുന്നത്. 3.75 കോടി വോട്ടര്‍മാര്‍ക്കാണ് വോട്ട് ചെയ്യാന്‍ അവസരമുള്ളത്. പ്രമുഖരുള്‍പ്പെടെ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ബിജെപി ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, തേജ് പ്രതാപ് യാദവ്, വിജയ് കുമാര്‍ സിന്‍ഹ, മംഗള്‍ പാണ്ഡെ ജെഡിയു നേതാവ് അനന്ത് സിങ്, ഗായിക മൈഥിലി താക്കൂര്‍, ഭോജ്പുരി നടന്‍ ഖേസരി ലാല്‍ യാദവ് തുടങ്ങിയവരുടെ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നു.
STORY HIGHLIGHT : bihar-elections-first-phase-of-polling-ends-with-record-voter-turnout