ദുബായ്: സൂപ്പർമാർക്കറ്റിൽ നിന്ന് ആറര ലക്ഷം ദിർഹം (ഏകദേശം 1.58 കോടി രൂപ) മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരെ ദുബായ് പോലീസ് വേഗത്തിൽ പിടികൂടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരുന്നു പ്രതികളെ തിരിച്ചറിയാനായത്.
ബർ ദുബായിലെ സൂപ്പർമാർക്കറ്റിന്റെ പിൻവാതിൽ തകർത്താണ് പ്രതികൾ അകത്ത് കയറി പണം തട്ടിയെടുത്തത്. പിറ്റേന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോൾ മോഷണം നടന്നതാണെന്ന് മനസ്സിലാക്കി ഉടൻ പോലീസിൽ വിവരമറിയിച്ചു.
പരാതി ലഭിച്ച് വെറും രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പോലീസ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതികളെ കണ്ടെത്തി. രാജ്യത്തു നിന്ന് പുറപ്പെടാനായുള്ള അവസാന നിമിഷത്തിലാണ് അവർ പിടിയിലായത്.
മോഷ്ടാക്കൾ മുഖംമൂടി ധരിച്ചിരുന്നതിനാൽ നേരിട്ട് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. എന്നാൽ എ.ഐ. സംവിധാനത്തിന്റെ സഹായത്തോടെ മുഖാവരണം നീക്കം ചെയ്തതിനു ശേഷമുള്ള മുഖരൂപം ഡിജിറ്റൽ ആയി പുനഃസൃഷ്ടിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. അതുവഴിയാണ് പ്രതികളെ കണ്ടെത്തിയത്.
മോഷ്ടിച്ച 6,60,000 ദിർഹം മുഴുവൻ പോലീസ് തിരിച്ചുപിടിച്ചതായി അധികൃതർ അറിയിച്ചു.