Kerala

‘അത് സത്യമാണെങ്കിൽ അവരുടെ മുഖത്തടിക്കുന്ന ആദ്യത്തെ അടി എന്റേതാകും’; അധ്യാപികയ്ക്കെതിരെ ശശികല ടീച്ചറുടെ പോസ്റ്റ്

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് നേരെ ജാതിയധിക്ഷേപം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി
ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരിയാണ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന് നേരെ ജാതി അധിക്ഷേപം നടത്തിയത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു ശശികലയുടെ പ്രതികരണം.

എംഫിലില്‍ തന്റെ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് നല്‍കിയെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു. തനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്ന് വിജയകുമാരി പറഞ്ഞെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു. സംഭവത്തില്‍ വൈസ്ചാന്‍സലര്‍ക്കും കഴക്കൂട്ടം എസ്പിക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്.

ശശികലയുടെ പോസ്റ്റ്..

പറഞ്ഞയാളുടേയും പറയപ്പെട്ടയാളുടേയും ജാതി എനിക്കറിയില്ല അറിയണമെന്നും ഇല്ല. ഈ അധ്യാപിക ഇങ്ങനെ പറഞ്ഞോ എന്നറിയണം
ആധികാരികമായി തന്നെ അറിയണം. അന്വേഷണം പെട്ടെന്നു നടക്കണം വെറുതെ അന്തരീക്ഷം കലുഷിതമാക്കരുത്.
ഇവർ പറഞ്ഞു എന്നത് സത്യമാണെങ്കിൽ അവരുടെ മുഖത്തടിക്കുന്ന ആദ്യത്തെ അടി എൻ്റേതായാൽ കൊള്ളാം എന്ന് എനിക്ക് മോഹമുണ്ട്
കേട്ടവരോ ശബ്ദതെളിവോ ഉണ്ടെങ്കിൽ അവരാ ശിക്ഷക്ക് അർഹയാണ്. ഗവേഷണ രംഗത്ത് അനഭിലഷണീയമായ പല പ്രവണതകളുമുണ്ട്.
അതിലേക്ക് ജാതി വലിച്ചു കേറ്റിയതാണോ എന്നു മറിയണം. ആണെങ്കിൽ അവരും മാപ്പർഹിക്കുന്നില്ല.സമാജത്തെ അസ്വസ്ഥമാക്കത്തക്കവിധത്തിൽ ഈ വിഷയം വലിച്ചു നീട്ടരുത് അന്വേഷണത്തിന് സമയ പരിധി ഉണ്ടാകണം.