Malappuram

ബസ് യാത്രക്കാരന്റെ 3.75 ലക്ഷം രൂപ കവർന്ന കേസ്: മൂന്ന് പേർ പിടിയിൽ

മഞ്ചേരി: ബസ് യാത്രക്കാരന്റെ 3.75 ലക്ഷം രൂപ കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളികളും അടങ്ങുന്ന മൂന്ന് പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഒളവട്ടൂർ വടക്കുംപുലാൻ വീട്ടിൽ അബ്ദുല്ലക്കോയ അഥവാ ഷാനവാസ് (46), കൊണ്ടോട്ടി കളോത്ത് തൊട്ടിയൻകണ്ടി വീട്ടിൽ ജുനൈസുദ്ദീൻ (50), ഊർങ്ങാട്ടിരി ആലിൻച്ചുവട് മഞ്ഞക്കോടവൻ വീട്ടിൽ ദുൽകിഫ് ലി (45) എന്നിവരാണ് പിടിയിലായത്.

ഒക്ടോബർ 23-ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. മഞ്ചേരി പട്ടർകുളം സ്വദേശിയായ 61 കാരന്റെ പണമാണ് മോഷണം പോയത്. മഞ്ചേരി സീതിഹാജി സ്റ്റാൻഡിൽ ബസിൽ കൃത്രിമ തിരക്ക് സൃഷ്ടിച്ച് യാത്രക്കാരന്റെ പാൻറ് പോക്കറ്റ് മുറിച്ച് 25,000 രൂപയും 14,000 യു.എ.ഇ ദിർഹവും (ഏകദേശം 3.50 ലക്ഷം രൂപ) കവർന്നു.

പണം പോക്കറ്റിൽ നിന്നും വീണതെന്ന് കരുതി യാത്രക്കാരൻ സ്റ്റാൻഡിൽ തന്നെ ഇറങ്ങി തിരച്ചിൽ ആരംഭിച്ചു. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

അബ്ദുല്ലക്കോയയും ജുനൈസുദീനും മുൻപ് സമാന കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. മഞ്ചേരി എസ്.ഐ അഖിരാജ് നയിച്ച മഞ്ചേരി പൊലീസ് സംഘം കൂടാതെ മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജു നയിച്ച പ്രത്യേക അന്വേഷണസംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

മഞ്ചേരി ഇൻസ്പെക്ടർ പ്രതാപ് കുമാർ, ശറഫുദ്ദീൻ, തൗഫീക്, കൃഷ്ണദാസ്, ഷിബിൻ എന്നിവരും പ്രത്യേക സംഘാംഗങ്ങളായ ഐ.കെ. ദിനേഷ്, പി. സലീം, കെ.കെ. ജസീർ, ആർ. രഞ്ജിത്ത്, വി.പി. ബിജു എന്നിവരും അന്വേഷണം നടത്തുന്നത്.

Latest News