മൂന്നാർ: മന്ത്രിയുടെ നിർദേശത്തെ തുടർന്ന് മൂന്നാറിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ നടന്ന പരിശോധനയിൽ 111 നിയമലംഘനങ്ങൾ കണ്ടെത്തി, മൊത്തമായി 3.74 ലക്ഷം രൂപ പിഴ ചുമത്തി. പരിശോധന തുടർന്നു കൊണ്ടിരിക്കുന്നു.
ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ് രേഖകളില്ലാത്ത വാഹനങ്ങൾ, മീറ്റർ ഇല്ലാത്ത ഓട്ടോകൾ, അനധികൃത രൂപമാറ്റങ്ങൾ, പരിധിയിലധികം യാത്രക്കാരെ കയറ്റൽ തുടങ്ങിയ ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ഇടുക്കി ആർടിഒ പി. എം. ഷബീർ, എൻഫോഴ്സ്മെന്റ് ആർടിഒ എസ്. സഞ്ജയ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
മുംബൈ സ്വദേശിനിയായ യുവതിയെ മൂന്നാറിലെ ചില ടാക്സി ഡ്രൈവർമാർ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായതിനെ തുടർന്നാണ് മന്ത്രി ഗണേഷ് കുമാർ പരിശോധന ശക്തമാക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഡബിൾ ഡെക്കർ ബസ് സർവീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ ചിലർ തടഞ്ഞ സംഭവത്തിനുശേഷം മോട്ടോർ വാഹന വകുപ്പ് രണ്ട് ആഴ്ച നീണ്ട പരിശോധന നടത്തി അഞ്ചുലക്ഷത്തിലധികം പിഴ ഈടാക്കിരുന്നു.