Celebrities

നടി അനുപമയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളുണ്ടാക്കി പെണ്‍കുട്ടി

ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് നടി ഇക്കാര്യം പങ്കുവെച്ചത്

കടുത്ത സൈബര്‍ ആക്രമണം നേരിട്ടുവെന്ന് പങ്കുവെച്ച് നടി അനുപമ പരമേശ്വരൻ. തൻ്റെ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് നടി ഇക്കാര്യം പങ്കുവെച്ചത്.

നടി പറയുന്നു;

ഒരു ഇൻസ്റ്റഗ്രാം പ്രൊഫൈലിനെക്കുറിച്ച് കുറച്ച് ദിവസം മുൻപാണ് ഞാൻ കണ്ടത്.എന്നെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങളും ശരിയല്ലാത്തതുമാണ് ആ അക്കൗണ്ടിലൂടെ പ്രചരിച്ചിരുന്നത്. എൻ്റെ സഹതാരങ്ങ‍ളെയും സുഹൃത്തുക്കള്‍ കുടുംബങ്ങള്‍ എന്നിവരെയെല്ലാം ആ പോസ്റ്റുകളില്‍ ടാഗ് ചെയ്തിരുന്നു.

മോര്‍ഫ് ചെയ്ത ചിത്രങ്ങളും അതില്‍ ഉണ്ടായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ ആ വ്യക്തി എൻ്റെ പേരില്‍ പല വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ചതായി കണ്ടെത്തി. എന്നെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകളും അതില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെക്കുറിച്ച് എൻ്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പ്രതിയെ അവര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ ഞാൻ ഏറ്റവും കൂടുതല്‍ ഞെട്ടിയത് ആ പ്രതി ആരെന്ന് അറിഞ്ഞപ്പോ‍ഴായിരുന്നു.

20 വയസ്സുള്ള തമി‍ഴ്നാട്ടില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. ചെറിയ പ്രായമായതിനാല്‍ അവള്‍ ആരാണെന്ന് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ഉണ്ടെന്ന് കരുതി മറ്റുള്ളവര്‍ക്ക് മാനഹാനി വരുത്താനും അവര്‍ക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കാനുള്ള അവസരം നല്‍കുന്നില്ല. സൈബര്‍ ആക്രമണം ഒരു കുറ്റകൃത്യമാണ്.