Celebrities

അവസാനമായി അയച്ച പാട്ട്, ഖബറിന് തണലായ മൈലാഞ്ചി; കലാഭവൻ നവാസിന്റെ ഓർമ്മകളിൽ നിറഞ്ഞ് മക്കളുടെ കുറിപ്പ്

പ്രശസ്ത മിമിക്രി കലാകാരനും നടനുമായ കലാഭവൻ നവാസിന്റെ വേർപാട് കലാ ലോകത്തിന് തീരാനഷ്ടമാണ്. അകാലത്തിൽ വിട്ടുപോയ പ്രിയപ്പെട്ട നവാസിന്റെ ഓർമ്മകളിൽ നീറുകയാണ് കുടുംബവും സുഹൃത്തുക്കളും. വാപ്പച്ചി വിടപറഞ്ഞതോടെ തനിച്ചായ കുടുംബത്തിന്റെ വേദന അടുത്തിടെ നവാസിന്റെ മക്കൾ പങ്കുവെച്ച ഒരു കുറിപ്പിലൂടെ വീണ്ടും ഉള്ളുലയ്ക്കുന്ന കാഴ്ചയായി മാറി. നവാസ് അവസാനമായി ഭാര്യക്ക് അയച്ചുകൊടുത്ത ഗാനവും ഒപ്പം വൈകാരികമായ ഒരു അനുഭവവും പങ്കുവെച്ചായിരുന്നു മക്കളുടെ കുറിപ്പ്.

കുറിപ്പിൽ നവാസിന്റെ മക്കൾ പങ്കുവെച്ചത് ഹൃദയസ്പർശിയായ ഒരനുഭവമാണ്. നവാസ് മരിക്കുന്നതിന് ഒരു മാസം മുൻപ്, ഉമ്മച്ചി മൈലാഞ്ചിച്ചെടി മുറിച്ച കമ്പുകൾ ഒരു ചെടിച്ചട്ടിയിൽ നട്ടു. ഇത് കണ്ട വാപ്പിച്ചിയോട്, അത് വേരുപിടിക്കുമ്പോൾത്തന്നെ നടാതെ നല്ല സ്ഥലം നോക്കി വെക്കണമെന്ന് അദ്ദേഹം ഭാര്യയോട് പറയുകയുണ്ടായി. വാപ്പച്ചി പോയ ശേഷം അദ്ദേഹത്തിന്റെ ഖബറിൽ നട്ട പൂച്ചെടി വളർന്നെങ്കിലും, കുത്തിയ മൈലാഞ്ചിക്കമ്പ് ഉണങ്ങാൻ തുടങ്ങി. ഈ സമയത്താണ് സ്ഥലം പറയാമെന്ന് വാപ്പച്ചി പറഞ്ഞ, ഉമ്മച്ചി നട്ട മൈലാഞ്ചിക്കമ്പുകളെക്കുറിച്ച് അവർ ഓർത്തത്.

ഓഗസ്റ്റ് 8-ന് വാപ്പിച്ചിയുടെ ഖബറിൽ നടാനായി ഉമ്മച്ചിയുടെ സഹോദരിയുടെ ഭർത്താവിന്റെ കൈവശം ഈ മൈലാഞ്ചി തൈകൾ കൊടുത്തുവിട്ടു. അത് നന്നായി വളരുകയും ചെയ്തു. “ജീവിച്ചിരിക്കുമ്പോൾ ഉമ്മിച്ചിക്ക് തണലായിരുന്നു വാപ്പിച്ചി. ആ വാപ്പിച്ചിയുടെ ഖബറിന് ഉമ്മിച്ചി നട്ട മൈലാഞ്ചി ചെടികൾ തണലാകുന്നു,” മക്കൾ കുറിച്ചു. “എന്തൊരു മനസ്സായിരിക്കും അല്ലെ, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും. പടച്ചവൻ എല്ലാം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.” എന്നും അവർ കൂട്ടിച്ചേർത്തു.

ഈ വൈകാരികമായ കുറിപ്പിനൊപ്പം, നവാസ് ജൂലൈ 30-ന് രാത്രി 11 മണിക്ക് പാടി ഭാര്യക്ക് അയച്ചുകൊടുത്ത ഗാനവും അവർ പങ്കുവെച്ചു. ഈ ഗാനമാണ് വാപ്പച്ചി ഉമ്മച്ചിക്ക് അവസാനമായി അയച്ചുകൊടുത്തത് എന്നും മക്കൾ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു. വിട്ടുപോയ പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്ക് മരണത്തെക്കാൾ ശക്തിയുണ്ടെന്ന് തെളിയിക്കുന്ന ഒരനുഭവമായി മാറുകയാണ് ഈ മൈലാഞ്ചി ചെടിയുടെ വളർച്ച.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

: