പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് കെ ജയകുമാർ. 17 മുതൽ തീർത്ഥാടനകാലം തുടങ്ങുകയാണ്. അതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കും. എല്ലാ കാര്യങ്ങളും ആലോചിച്ച് ആശങ്കയ്ക്ക് ഇടയില്ലാത്ത വിധം കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ ശ്രമിക്കും. ആദ്യ ദിനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും പതിയെ എല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 13ന് പി. എസ്. പ്രശാന്തിന്റെ ബോർഡ് കാലാവധി അവസാനിക്കും. 15ന് ചുമതല ഏറ്റെടുക്കുമെന്നും 16ന് ഉച്ചയോടെ സന്നിധാനത്ത് ഉണ്ടാകുമെന്നും കെ. ജയകുമാർ പറഞ്ഞു.
രണ്ട് വർഷത്തേക്കാണ് കെ. ജയകുമാറിന്റെ നിയമനം. സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ. രാജുവിനെ ബോർഡ് അംഗമായും നിയമിച്ചു. പൂർണ്ണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് നിലവിലെ ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് പ്രതികരിച്ചു. കെ. ജയകുമാർ തന്റെ പിൻഗാമിയായി വരുന്നതിൽ സന്തോഷമെന്നും പി. എസ്. പ്രശാന്ത് പറഞ്ഞു. വരുന്ന മണ്ഡല മകരവിളക്ക് മഹോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും പി. എസ്. പ്രശാന്ത് വ്യക്തമാക്കി.
നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ പ്രസിഡന്റിനെയും അംഗത്തെയും നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ചീഫ് സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ച ശേഷം അഞ്ച് വർഷം മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു ജയകുമാർ. ഒന്നാം പിണറായി സർക്കാരിൽ വനം മന്ത്രിയായിരുന്നു കെ. രാജു. ബോർഡിലെ സംവരണ സമവാക്യം പാലിക്കുന്നതിന്റെ ഭാഗമായാണ് സിപിഐ രാജുവിന് അവസരം നൽകിയത്.
STORY HIGHLIGHT : Travancore Devaswom Board new President K. Jayakumar