ആയഞ്ചേരി: ആയഞ്ചേരി–കടമേരി–തണ്ണീർപന്തൽ പി.ഡബ്ല്യു.ഡി റോഡിലെ പഞ്ചായത്ത് ഓഫീസിന് സമീപം വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമൊരുങ്ങുന്നു. റോഡിലെ സ്ഥിരമായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ 17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നെങ്കിലും നടപടികൾ വൈകിയതോടെ പ്രദേശവാസികളുടെ അസ്വസ്ഥതയും പ്രതിഷേധങ്ങളും ശക്തമായിരുന്നു. വെള്ളക്കെട്ടിൽ വാഹനങ്ങൾ വഴുതി വീഴുന്നതും കാൽനടയാത്രികർ അപകടത്തിൽപ്പെടുന്നതും ദിവസവും ആവർത്തിക്കുന്ന കാഴ്ചയായി മാറിയിരുന്നു.
ഈ സാഹചര്യത്തിൽ പ്രദേശത്ത് സന്ദർശനത്തിനെത്തിയ വടകര എം.പി. ഷാഫി പറമ്പിൽ വിഷയത്തെ അടിയന്തരമായി പരിഗണിച്ച് പി.ഡബ്ല്യു.ഡി അധികാരികളെ നിർദ്ദേശിക്കുകയും പ്രശ്നപരിഹാരം വേഗത്തിലാക്കുകയും ചെയ്തു. കൂടാതെ എം.പിയുടെ ഫണ്ടിൽ നിന്നും ഡ്രെയിനേജ് നിർമാണത്തിന് പ്രത്യേകം 10 ലക്ഷം രൂപ കൂടി അനുവദിച്ചു.
പദ്ധതിപ്രകാരം റോഡ് ഉയർത്തി പുതുതായി ടാറിങ് നടത്തുന്നതോടൊപ്പം ഇരുവശത്തും ഐറിഷ് ഡ്രെയിനേജ് നിർമ്മിക്കാൻ ഒരുക്കങ്ങളാണ്. പഞ്ചായത്തുതല ഭരണസമിതി — പ്രസിഡന്റ് എന്‍. അബ്ദുൽ ഹമീദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് വെള്ളിലാട്ട്, അംഗങ്ങളായ സരള കൊള്ളിക്കാവിൽ, ടി. കെ. ഹാരിസ് എന്നിവരുടെ സാന്നിധ്യത്തിൽ പരിഷ്കരണ പ്രവർത്തികൾ ആരംഭിച്ചു.