തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ കേരള താരത്തിന് പരിക്കേറ്റു. ആകർഷ് എ.കെയ്ക്ക് ആണ് പരിക്കേറ്റത്. തൃശ്ശൂർ സ്വദേശിയായ താരത്തിൻ്റെ രഞ്ജി അരങ്ങേറ്റ മത്സരമാണിത്. തലയ്ക്ക് പരിക്കേറ്റ ആകർഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് നടക്കുന്ന സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തിൻ്റെ രണ്ടാം ഇന്നിങ്സിലാണ് ഇടംകെെയൻ ഓപ്പണറായ ആകർഷിന് തലയ്ക്ക് പരിക്കേറ്റത്. സൗരാഷ്ട്ര ബൗളർ ജയ്ദേവിൻ്റെ ബൗൺസറേറ്റ് വീണ ആകർഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 കാരനായ ആകർഷിൻ്റെ ആരോഗ്യനില ഗുരുതരമല്ലെന്നും താരം സംസാരിക്കുന്നുണ്ടെന്നും ടീം വൃത്തങ്ങൾ അറിയിച്ചു.
കേരളത്തിൻ്റെ രണ്ടാം ഇന്നിങ്സ് ഓപ്പൺ ചെയ്ത ആകർഷ് അഞ്ച് റൺസ് എടുത്ത് നിൽക്കുമ്പോഴാണ് പരിക്കേറ്റത്. പിന്നാലെ ടീം ലഞ്ചിന് പിരിഞ്ഞു. നാലാം ദിനം 37 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ് കേരള ടീം. ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളത്തിന് മത്സരത്തിൻ്റെ അവസാനദിവസം വിജയിക്കാൻ 293 റൺസ് കൂടി വേണം.
സമനിലയ്ക്കായി പൊരുതുന്നതിനിടെയാണ് ആകർഷിന് പരിക്കേറ്റത്. ആദ്യ ഇന്നിങ്സിൽ 51 പന്തിൽ നിന്നും 18 റൺസാണ് ആകർഷിൻ്റെ സമ്പാദ്യം.