Entertainment

ഇന്റിമസി സീനിൽ ഓക്കേയല്ലേയെന്ന് നിരവധി തവണ ആ നടൻ ചോദിച്ചു; ഗിരിജ ഓക്ക് ഗൊഡ്‌ബോലെ

മറാത്തി ടെലിവിഷൻ ഷോയിൽ തുടങ്ങി ഹിന്ദി സിനിമകളിൽ മികച്ച അഭിനയം കാഴ്ചവെച്ച നടിയാണ് ഗിരിജ ഓക്ക്. ഇപ്പോഴിതാ ബോളിവുഡ് നടന്‍ ഗുല്‍ഷന്‍ ദേവയ്യയുമായുള്ള ഇന്റിമേറ്റ് സീന്‍ ചിത്രീകരണത്തിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടി ഗിരിജ ഓക്ക് ഗൊഡ്‌ബോലെ. ‘തെറാപ്പി ഷെറാപ്പി’ എന്ന ചിത്രത്തിലെ രംഗം ചിത്രീകരിച്ചതിനെക്കുറിച്ചാണ് നടി തുറന്നുപറയുന്നത്.

‘ഇന്റിമസി സീന്‍ ചിത്രീകരിക്കേണ്ടിവരുമ്പോള്‍ സാധാരണയായി സെറ്റില്‍ ഒരു ഇന്റിമസി കോര്‍ഡിനേറ്റര്‍ ഉണ്ടാവും. എല്ലാ കാര്യങ്ങളും മുന്‍കൂട്ടി ചര്‍ച്ച ചെയ്യുകയും നടീനടന്മാരുടെ സൗകര്യം ഉറപ്പാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. എന്നാല്‍, ക്യാമറ റോള്‍ ചെയ്തു തുടങ്ങിയാല്‍ കാര്യങ്ങള്‍ മാറും. ‘തെറാപ്പി ഷെറാപ്പി’ക്ക് വേണ്ടി ഗുല്‍ഷനൊപ്പം എനിക്ക് അങ്ങനെയൊരു രംഗം ചിത്രീകരിക്കേണ്ടി വന്നു. മറ്റേതൊരു ദൈനംദിന പ്രവര്‍ത്തനം പോലെയും ലൈംഗികത ഒരു ചടങ്ങ് മാത്രമായി കാണുന്ന ഒരു ദമ്പതികളെയാണ് ഞങ്ങള്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഞങ്ങള്‍ പൂര്‍ണ്ണമായും വസ്ത്രം ധരിച്ചിരുന്നു. അതുകൊണ്ട് തന്നെ, അസ്വസ്ഥത വളരെ കുറവായിരുന്നു’, നടി പറഞ്ഞു.

‘ഗുല്‍ഷന്‍, അദ്ദേഹത്തിന്റെ സ്വഭാവം വെച്ച്, എനിക്ക് യാതൊരു അസ്വസ്ഥതയുമില്ലെന്ന് ഉറപ്പുവരുത്തി. രംഗം ചിത്രീകരിക്കുമ്പോള്‍ ഞങ്ങളുടെ ഇടയില്‍ വെക്കുന്നതിനായി, അദ്ദേഹം തന്റെ കാരവനില്‍നിന്നും സെറ്റില്‍നിന്നും പലതരം തലയിണകള്‍ കൊണ്ടുവന്ന് അതിലൊരെണ്ണം തിരഞ്ഞെടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ആ രംഗത്തിനിടയില്‍ ഞാന്‍ ഓക്കേയല്ലേയെന്ന് അദ്ദേഹം എന്നോട് കുറഞ്ഞത് 16- 17 തവണയെങ്കിലും ചോദിച്ചിട്ടുണ്ടാകണം’, ഗിരിജ ഓക്ക് ഓര്‍ത്തെടുത്തു.

‘ഞാന്‍ ഒരെണ്ണം തിരഞ്ഞെടുത്തു. എന്നാല്‍, രംഗം ചിത്രീകരിക്കുമ്പോള്‍ ആ തലയിണ ബുദ്ധിമുട്ടായി. പക്ഷേ, ഗുല്‍ഷന്‍ അത് ഉപയോഗിക്കാന്‍ വിസമ്മതിച്ചില്ല. ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ലെങ്കില്‍ അത് നീക്കം ചെയ്യാമോ എന്ന് ഞാനാണ് അദ്ദേഹത്തോട് ചോദിച്ചത്, അദ്ദേഹം സമ്മതിക്കുകയും ചെയ്തു’- അവര്‍ കൂട്ടിച്ചേര്‍ത്തു.’കാന്താര: ചാപ്റ്റര്‍ വണ്ണി’ല്‍ കുലശേഖര രാജാവായി എത്തിയ താരമാണ് ഗുല്‍ഷന്‍ ദേവയ്യ. ഒരുമാസം മുമ്പ് ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് അടുത്തിടെ വീണ്ടും വൈറലായത്. അഭിമുഖത്തില്‍നിന്നുള്ള ഭാഗങ്ങള്‍ വൈറലായതോടെ നടിയെ ‘നാഷണല്‍ ക്രഷ്’ എന്നാണ് സാമൂഹികമാധ്യമങ്ങള്‍ നടിയെ വിശേഷിപ്പിക്കുന്നത്. അത്തരത്തില്‍ ഒരു റീല്‍ നടി സ്വന്തം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചു.