Law

കോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര റദ്ദാക്കി: അഡ്വാന്‍സ് തുക തിരികെ നല്‍കാത്ത ടൂര്‍ ഓപ്പറേറ്റര്‍ നഷ്ടപരിഹാരം നല്‍കണം

ബാംഗ്ലൂര്‍-ഗോവ സ്റ്റഡി ടൂര്‍ റദ്ദായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കാതിരുന്ന ടൂര്‍ ഓപ്പറേറ്റര്‍ 1.25 ലക്ഷം രൂപ നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. തേവര, സെക്രഡ് ഹാര്‍ട്ട് കോളേജ് വിദ്യാര്‍ത്ഥിയായ ഹെലോയിസ് മാനുവല്‍ എറണാകുളം കലൂരില്‍ പ്രവര്‍ത്തിക്കുന്ന ബി.എം ടൂര്‍സ് & ട്രാവല്‍സ് എന്ന സ്ഥാപനത്തിനെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്. ബി.എസ്.സി. (ഫിസിക്‌സ്) വിദ്യാര്‍ത്ഥിയായ പരാതിക്കാരനും, 37 സഹപാഠികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കുമൊപ്പം 2023 ഫെബ്രുവരി 22 മുതല്‍ 26 വരെ ഗോവയിലേക്കും ദണ്ഡേലിയിലേക്കും സ്റ്റഡി ടൂര്‍ പോകാന്‍ ടൂര്‍ ഓപ്പറേറ്ററായ എതിര്‍ കക്ഷിയെ സമീപിച്ചു.

41 പേര്‍ക്കായുള്ള ആകെ യാത്രാച്ചെലവ് 2,07,000 രൂപയായിരുന്നു. അധ്യാപകര്‍ക്ക് സൗജന്യ യാത്രയും വാഗ്ദാനം ചെയ്തിരുന്നു. ഇതു പ്രകാരം പരാതിക്കാരന്‍ 1,00,000/- രൂപ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അഡ്വാന്‍സായി കൈമാറി. എന്നാല്‍, ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങുകയും, ബദല്‍ ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ ടൂര്‍ പൂര്‍ണ്ണമായും റദ്ദാക്കുകയും ചെയ്തു.
അഡ്വാന്‍സ് തുക 2023 ജൂണ്‍ മാസത്തില്‍ തിരികെ നല്‍കാമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സമ്മതിച്ചിരുന്നുവെങ്കിലും, നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥി, എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്.

സേവനം നല്‍കാത്തതിനാല്‍, പണം തിരികെ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടും അത് ചെയ്യാതിരുന്നത് ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം സേവനത്തിലെ ന്യൂനതയും അന്യായമായ വ്യാപാര രീതിയുമാണ്. ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ വിശ്വാസത്തെയാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഞ്ചിച്ചത്. യാത്രാ തടസ്സം ഉണ്ടായപ്പോള്‍ പണം ഉടന്‍ തിരികെ നല്‍കുക എന്നതായിരുന്നു പ്രാഥമിക നിയമപരമായ ബാധ്യത. എതിര്‍ കക്ഷിയുടെ ദീര്‍ഘമായ നിശബ്ദത വിദ്യാര്‍ത്ഥിയെ കോടതി വ്യവഹാരത്തിലേക്ക് കൊണ്ടെത്തിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

വിദ്യാര്‍ത്ഥിയില്‍ നിന്നും അഡ്വാന്‍സായി വാങ്ങിയ ഒരു ലക്ഷംരൂപ തിരികെ നല്‍കണം. കൂടാതെ നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളില്‍ 25000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. എം.ജെ ജോണ്‍സണ്‍ ഹാജരായി.

CONTENT HIGH LIGHTS; College students’ excursion canceled: Tour operator must pay compensation for not returning advance money

Latest News