Local Body Election 2025

ജാഗ്രതയോടെ വേണം തിരഞ്ഞെടുപ്പ് പ്രചാരണം: പരിശോധിക്കാന്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കും

നോട്ടീസുകള്‍,ബാനറുകള്‍,ബോര്‍ഡുകള്‍,പോസ്റ്ററുകള്‍,ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്‌മെന്റ്, പൊതുയോഗങ്ങള്‍, മീറ്റിംഗുകള്‍, മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ പരിപാടികള്‍ പരിശോധിക്കും

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിയമപരമാണോയെന്ന് പരിശോധിച്ച് വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുത്തരവായി.
ജില്ലാ തലത്തില്‍ വരണാധികാരിയുടെ ചുമതലയില്ലാത്ത അസിസ്റ്റന്റ് കളക്ടര്‍/ സബ് കളക്ടര്‍/ ഡെപ്യൂട്ടി കളക്ടറിന്റെ നേതൃത്വത്തില്‍ ഒരു സ്‌ക്വാഡും താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍/ ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു സ്‌ക്വാഡും രൂപീകരിക്കാനാണ് നിര്‍ദ്ദേശം.

നോട്ടീസുകള്‍,ബാനറുകള്‍,ബോര്‍ഡുകള്‍,പോസ്റ്ററുകള്‍,ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്‌മെന്റ്, പൊതുയോഗങ്ങള്‍, മീറ്റിംഗുകള്‍, മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ പരിപാടികള്‍ എന്നിവയുടെ നിയമസാധുത സ്‌ക്വാഡ് പരിശോധിക്കും. നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും.
പ്ലാസ്റ്റിക്, ഫ്‌ലക്‌സ് മുതലായവയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ ഉത്തരവ്പ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടോയെന്നും സ്‌ക്വാഡ് പരിശോധിക്കുകയും ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.

നിയമപരമല്ലാത്ത പ്രചാരണപരിപാടികള്‍ ഉടന്‍ നിര്‍ത്തി വയ്പ്പിക്കും. അനധികൃതമായോ നിയമപരമല്ലാതയോ സ്ഥാപിച്ചിട്ടുള്ള നോട്ടീസുകള്‍,ബാനറുകള്‍,ചുവരെഴുത്തുകള്‍,പോസ്റ്ററുകള്‍,ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇപ്രകാരമുള്ള നിര്‍ദ്ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും അതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യും. അനധികൃതമായതും അനുവദനീയ രീതിയിലല്ലാത്തതുമായ മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ നിര്‍ത്തിവയ്പ്പിക്കുന്നതാണ്. അനുമതിയില്ലാതെയും പൊതുവഴി കൈയ്യേറിയും കാല്‍നടയാത്രക്കാര്‍ക്കും.

വാഹനങ്ങള്‍ കടന്നുപോകുന്നതിനും തടസ്സമുണ്ടാകുന്ന രീതിയിലും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍,കമാനങ്ങള്‍,ബാനറുകള്‍ എന്നിവ എടുത്തുമാറ്റുന്നതിന് അത് സ്ഥാപിച്ചവരോട് ആവശ്യപ്പെടും. എടുത്തുമാറ്റുന്നില്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് അവ എടുത്തുമാറ്റി നിയമപരമായ തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കും. നിയമപരമല്ലാത്ത പ്രചാരണപരിപാടികളും, അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ കമാനങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിച്ചവയ്‌ക്കെതിരെ പൊതുജനം അറിയിക്കുന്ന പരാതികളും സ്‌ക്വാഡ് പ്രത്യേകമായി പരിശോധിച്ചു നടപടി സ്വീകരിക്കും.

CONTENT HIGH LIGHTS :Election campaign: Anti-defamation squad to be formed to check

Latest News