കോഴഞ്ചേരി: മേൽക്കൂര തകർന്നു വീഴാനുള്ള ഭീഷണിയിലായ കെട്ടിടത്തിൽ ജീവൻ പണയം വച്ച് ദേവസ്വം ജീവനക്കാർ പണിയെടുക്കുന്ന ദയനീയാവസ്ഥ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പുന്നംതോട്ടം ദേവി ക്ഷേത്രത്തിലെ സബ്‌ഗ്രൂപ്പ് ഓഫിസിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വരുന്നത്.
ഓടിട്ട മേൽക്കൂര ഏതു നിമിഷവും തകർന്ന് വീഴാവുന്ന നിലയിലാണ്. കഴുക്കോലുകളും പട്ടികകളും ചിതലരിച്ചിരിക്കുകയാണ്. നിരവധി ഓടുകൾ ഇളകിയതോടെ മഴവെള്ളം നേരിട്ട് കെട്ടിടത്തിനുള്ളിലേക്ക് പതിക്കുന്നു.
വർഷങ്ങൾക്കുമുൻപ് നിർമിച്ച ഈ രണ്ടുമുറി കെട്ടിടത്തിൽ, ഒരു മുറി ഓഫിസായും മറ്റൊന്ന് ജീവനക്കാർക്കുള്ള വിശ്രമ മുറിയായും ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ ജീവനക്കാർക്കു മേൽക്കൂര തലയിലേക്കു വീഴരുതെന്ന പ്രാർത്ഥനയോടെയാണ് അകത്തേക്കു കടക്കേണ്ടി വരുന്നത്.
മഴവെള്ളം വീണാൽ നശിക്കുന്ന രേഖകളും സാധനങ്ങളും ക്ഷേത്രത്തിനുള്ളിലെ മറ്റുമുറികളിൽ താൽക്കാലികമായി സൂക്ഷിച്ചിരിക്കുകയാണ്. വെള്ളം വീണാലും നശിക്കാത്തവ മാത്രമാണ് ഈ കെട്ടിടത്തിൽ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.
രസീതുകളും പ്രധാന രേഖകളും ഇത്തരത്തിലുള്ള അപകടാവസ്ഥയിലുള്ള സ്ഥലത്ത് സൂക്ഷിക്കേണ്ടി വരുന്നതോടെ ആവശ്യമായ രേഖകളിൽ എന്തെങ്കിലും തിരിമറി സംഭവിച്ചാൽ ഉത്തരവാദിത്വം തങ്ങളിലേക്കായിരിക്കും എന്ന ആശങ്കയിലാണ് ജീവനക്കാർ.
പുന്നംതോട്ടം സബ്‌ഗ്രൂപ്പിന്റെ കീഴിലാണ് ഈ ക്ഷേത്രം. ആറന്മുള അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിൽ പ്രവർത്തിക്കുന്ന സബ്‌ഗ്രൂപ്പ് ഓഫീസറാണ് ചുമതല വഹിക്കുന്നത്. കൂടാതെ വാച്ചർ, കഴകം, മേൽശാന്തി, തളി എന്നീ ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. ദൂരത്തുനിന്ന് എത്തുന്ന ജീവനക്കാർക്കു വസ്ത്രംമാറ്റാനുള്ള സൗകര്യം പോലുമില്ല എന്നതാണ് മറ്റൊരു വേദനാജനക വാസ്തവം.
ക്ഷേത്രത്തിന്റെയും ആനക്കൊട്ടിലിന്റെയും നിർമാണപ്രവർത്തനങ്ങൾ നടന്ന സമയത്ത് തന്നെ ഉപദേശക സമിതി ഭാരവാഹികൾ ഓഫീസ് നവീകരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും, ദേവസ്വം ബോർഡിൽ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ല.
അന്നത്തെ ഭാരവാഹികൾ മാവേലിക്കരയിലെ മരാമത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫിസിനെയും ചെങ്ങന്നൂർ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫിസിനെയും പലതവണ സമീപിച്ചെങ്കിലും, “ഉടൻ പരിഹരിക്കാം” എന്ന ഉറപ്പുകൾ മാത്രമാണ് ലഭിച്ചതെന്നും ഒരു നടപടിയും നടപ്പായില്ലെന്നും അവർ പറയുന്നു.
ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കി ഇപ്പോഴും പ്രവർത്തനം തുടരുന്ന ഈ ഓഫീസ്, ദേവസ്വം ബോർഡിന്റെ അനാസ്ഥയുടെ മറ്റൊരു തെളിവായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.