കോഴിക്കോട് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി രംഗത്ത്. സി.പി.എമ്മിന് നടൻ മോഹൻലാലിൻ്റേതിന് സമാനമായ ‘സ്ലീപ്പർ സെൽ’ ആരാധകരുണ്ടെന്നും, പാർട്ടിക്ക് നേരെ ആക്രമണമുണ്ടായാൽ ഇവർ പ്രതിരോധിക്കാനെത്തുമെന്നും അർജുൻ ആയങ്കി പറഞ്ഞു. ഭരണത്തിലുള്ളതിനാൽ ‘നല്ലനടപ്പിന്’ വേണ്ടി നിശ്ശബ്ദമായി കഴിയുന്ന ഈ വിഭാഗം പാർട്ടി പരിപാടികളിലോ ജാഥകളിലോ പ്രത്യക്ഷപ്പെടണമെന്നില്ല. എന്നാൽ പാർട്ടി പ്രതിനിധിക്ക് നേരെ ഉണ്ടാകുന്ന കൈയേറ്റങ്ങളെ പോലും പാർട്ടിക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കി, വ്യക്തിപരമായ നേട്ടങ്ങൾ മറന്ന് പോരാടാൻ ഇവർക്ക് ശേഷിയുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ദിവസം ചാനൽ പരിപാടിക്കിടെ പ്രശാന്ത് ശിവനുമായി കയ്യാങ്കളിയിലേക്ക് നീങ്ങിയ സംഭവത്തിൽ എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചു. “ചാണകത്തിൽ ചവിട്ടാതിരിക്കുക എന്നത് പോലെ തന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയതീരുമാനമാണ്” എന്നായിരുന്നു കുറിപ്പ്. പാലക്കാട് നഗരസഭയിൽ സി.പി.എം. പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന പ്രശാന്ത് ശിവന്റെ വെല്ലുവിളിയാണ് ചാനൽ സംവാദത്തിൽ വാക്കേറ്റത്തിന് തുടക്കമിട്ടത്. ഇതിനിടെ പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സി.പി.എം. പ്രവർത്തകരും ബി.ജെ.പി. പ്രവർത്തകരും സംഘടിച്ചെത്തുകയും നേതാക്കന്മാർ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. പോലീസിന്റെ ഇടപെടലിനെ തുടർന്നാണ് രംഗം ശാന്തമായത്.
രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവും കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ച രണ്ടരക്കിലോ സ്വർണവുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ് ചെയ്ത വ്യക്തിയാണ് അർജുൻ ആയങ്കി. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയാണ് ഇയാളെന്നായിരുന്നു അന്ന് കസ്റ്റംസിന്റെ വിശദീകരണം.