ഇസ്ലാമാബാദ് സ്ഫോടനത്തെ തുടർന്ന് പാകിസ്ഥാൻ ടി20 ത്രിരാഷ്ട്ര പരമ്പര റാവൽപിണ്ടിയിലേക്ക് മാറ്റി. ഇസ്ലാമാബാദിലുണ്ടായ ചാവേർ ഇസ്ലാമാബാദിൽ നടന്ന ചാവേർ ബോംബാക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ പരിഭ്രാന്തിയിലാണ്. അതുകൊണ്ടാണ് ശ്രീലങ്കയും സിംബാബ്‌വെയും ഉൾപ്പെടുന്ന ടി20 ത്രിരാഷ്ട്ര പരമ്പര പൂർണമായും റാവൽപിണ്ടിയിലേക്ക് മാറ്റുന്നത്.
ഈ മാറ്റം സ്ഥിരീകരിച്ച പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഏഴ് മത്സരങ്ങളുള്ള ടൂർണമെന്റിന്റെ പുതുക്കിയ ഷെഡ്യൂൾ പുറത്തിറക്കുകയും ചെയ്തു.നേരത്തെ ഫൈനൽ ഉൾപ്പെടെ പരമ്പരയിലെ അഞ്ച് മത്സരങ്ങൾക്ക് ലാഹോർ വേദിയാകുമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ മൂന്ന് ക്രിക്കറ്റ് ബോർഡുകളും ഉൾപ്പെട്ട ചർച്ചകൾക്ക് ശേഷം കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റാവൽപിണ്ടി വേദിയായി തിരഞ്ഞെടുക്കുകയായിരുന്നു. വരാനിരിക്കുന്ന 2026 ടി20 ലോകകപ്പിന് മുന്നോടിയായുള്ള നിർണായക തയ്യാറെടുപ്പ് കൂടിയാണ് ഈ ത്രിരാഷ്ട്ര പരമ്പര.
പാകിസ്താന്‍-ശ്രീലങ്ക ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പ് ഇസ്ലാമാബാദിലുണ്ടായ കാര്‍ ബോംബാക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടിരുന്നു. പാക് താലിബാന്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ പാകിസ്താനെതിരെ ഏകദിന പരമ്പര ബഹിഷ്കരിക്കാൻ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം തീരുമാനമെടുത്തെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് നടക്കാനിരിക്കെ ഇസ്ലാമാബാദിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ചില ശ്രീലങ്കൻ താരങ്ങൾ കളിക്കില്ലെന്ന് അറിയിച്ചിരുന്നു.
ഏകദിന പരമ്പരയില്‍ നിന്ന് ശ്രീലങ്കന്‍ ടീമിലെ എട്ടോളം താരങ്ങള്‍ പിന്‍മാറാനൊരുങ്ങിയത്. എന്നാല്‍ പരമ്പരയുമായി മുന്നോട്ടുപോകാന്‍ താരങ്ങളോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചു. ബോര്‍ഡിന്‍റെ നിര്‍ദേശം ലംഘിച്ച് ഏതെങ്കിലും താരം പരമ്പര ബഹിഷ്കരിച്ചാല്‍ അച്ചടക്ക നടപടിയെടുക്കുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.