പേരാമ്പ്ര: തായ്‌ലൻഡിൽ ഉത്പാദിപ്പിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് 290 ഗ്രാം വ്യാപാരത്തിനായി കൊണ്ടുവന്ന കൊയിലാണ്ടി സ്വദേശിയെ പേരാമ്പ്ര പോലീസ് പിടികൂടി. നടേരി മൂഴിക്കൽ മീത്തൽ വീട്ടിൽ അമാൻ അബ്ദുള്ള (23) ആണ് വലയിലായത്. പിടിച്ചെടുത്ത കഞ്ചാവിന്റെ വില വിപണിയിൽ അഞ്ച് ലക്ഷം രൂപയോളം വരുമെന്ന് പോലീസ് അറിയിച്ചു.
പേരാമ്പ്ര ബൈപ്പാസിലൂടെ അമാൻ സഞ്ചരിച്ചിരുന്ന താർ ജീപ്പ് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് പ്രത്യേക രീതിയിൽ തയ്യാറാക്കിയ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതാണെന്ന് പ്രാഥമിക മൊഴിയിൽ പ്രതി സമ്മതിച്ചു.
കേരളത്തിന് പുറത്തുനിന്ന് രാസലഹരിവസ്തുക്കളും ലാബിൽ ഹൈബ്രിഡായി വളർത്തുന്ന കഞ്ചാവും സംസ്ഥാനത്ത് എത്തിച്ച് വിൽപന നടത്തുന്നുവെന്ന രഹസ്യവിവരം ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിന് ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര ഡിവൈഎസ്പി എം.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള ടീമും ചേർന്ന് ഓപ്പറേഷൻ നടപ്പാക്കുകയായിരുന്നു.
ഇതിനു മുമ്പും അമാൻ ലഹരിവസ്തുക്കൾ സംസ്ഥാനത്ത് എത്തിച്ച് വിൽപന നടത്തിയിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. പ്രതി ഉപയോഗിച്ച താർ ജീപ്പ് പോലീസ് കണ്ടുകെട്ടി. തുടര്‍നടപടികള്‍ക്കായി ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.