News

ഡൽഹി സ്ഫോടനം; കശ്മീരിൽ ഒരു വനിതാ ഡോക്ടർ കൂടി കസ്റ്റഡിയിൽ | delhi-blast-haryana-woman-doctor-detained

അനന്ത്നാ​ഗിലെ ജിഎംസിയിലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു വനിതാ ഡോക്ടർ കൂടി കസ്റ്റഡിയിൽ. കശ്മീർ സർക്കാർ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ വനിതാ ഡോക്ടറെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്. ജമ്മു മുതൽ ഡൽഹി വരെ നീളുന്ന വൈറ്റ് കോളർ ഭീകരവാദ ശൃംഖലയുടെ തെളിവുകൾ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടി.

ജമ്മു കശ്മീർ പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സംഘം അനന്ത്നാ​ഗിലെ മലക്നാ​ഗ് പ്രദേശത്തെ വാടക വീട്ടിൽ നടത്തിയ റെയ്ഡിനു പിന്നാലെയാണ് വനിതാ ഡോക്ടറെ പിടികൂടിയത്. ഡോ. പ്രിയങ്ക ശർമ എന്നാണ് ഇവരുടെ പേര്. അനന്ത്നാ​ഗിലെ ജിഎംസിയിലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്.ഇതേ ആശുപത്രിയിലെ മുൻ ജീവനക്കാരനായ അദീലിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇന്ററലിജൻസ് വിഭാ​ഗം അന്വേഷണം വ്യാപിപ്പിച്ചത്. ഭീകരവാദ ശൃംഖലയ്ക്കു സാമ്പത്തികമായും മറ്റും സഹായങ്ങൾ നൽകുന്നവരെക്കുറിച്ച് ഉദ്യോ​ഗസ്ഥർക്കു വിവരങ്ങളും കിട്ടി. ഫോൺ വിളിച്ചതിന്റെ വിവരങ്ങളും പരിശോധിച്ചു. ഈ പരിശോധനയിലാണ് വനിതാ ഡോക്ടറെ കണ്ടെത്തിയത്.

അതിനിടെ കശ്മീരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലും സമാന പരിശോധനകൾ നടക്കുന്നുണ്ട്. ഇവിടെ കശ്മീർ സ്വദേശികളായ 200 മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും നിരീക്ഷണത്തിലാണ്. കശ്മീരി വിദ്യാർഥികൾ പഠിക്കുന്ന കോളജുകൾ, സർവകലാശാലകൾ എന്നിവയുമായി ഭീകരവാദ വിരുദ്ധ സ്ക്വാഡ് ബന്ധപ്പെട്ടിട്ടുണ്ട്. കാൺപുർ, ലഖ്നൗ, മീററ്റ്, സഹാറൻപുർ ന​ഗരങ്ങളിലെ സ്ഥാപനങ്ങളും സൂക്ഷ്മ പരിശോധനയിലാണ്. ഹരിയാനയിലെ അൽ ഫലാ​ഹ് സർവകലാശാലയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേരെ ഡൽഹി പൊലീസ് കഴിഞ്ഞ ​ദിവസം അറസ്റ്റ് ചെയ്തിരുന്നു. ധൗജ്, നൂഹ് അടക്കമുള്ള പ്രദേശങ്ങളിൽ നടത്തിയ സംയുക്ത റെ‍യ്ഡിനിടെയാണ് ഇവർ പിടിയിലായത്. സർവകലാശാലയും ഇപ്പോൾ സൂക്ഷ്മ നിരീക്ഷണത്തിലാണ്.

അൽ ഫലാഹ് സർവകലാശാലയുടെ പ്രവർത്തനത്തിൽ ​ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതായി യുജിസിയും നാക്കും റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് സർവകലാശാലയ്ക്കെതിരെ വഞ്ചനയ്ക്കും വ്യാജ രേഖ ചമച്ചതിനും രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. നിരീക്ഷണത്തിലുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ തേടി പൊലീസ് സംഘം ശനിയാഴ്ച ഡൽഹിയിലെ ഓഖ്‍ലയിലുള്ള സർവകലാശാലയുടെ ഓഫീസിലുമെത്തിയിരുന്നു.

 

Story Highlights :delhi-blast-haryana-woman-doctor-detained