പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. ബിഎല്‍ഒയുടെ ആത്മഹത്യയില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. മരണത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നും നേതാക്കള്‍ അടക്കമുള്ളവരുടെ ഭീഷണിയുണ്ടായിട്ടുണ്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു. ജോലി ഭാരവും ഉണ്ട്. ജോലി ചെയ്തു തീര്‍ക്കാന്‍ കഴിയുന്നില്ല. ബിജെപിയും സിപിഐഎമ്മും ദുരുപയോഗം ചെയ്യുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ ചേര്‍ക്കാതിരിക്കാന്‍ നീക്കം നടക്കുന്നുവെന്നും ബിജെപിയില്‍ രണ്ട് ആത്മഹത്യകള്‍ നടന്നെന്നും വി ഡി സതീശന്‍ ആരോപിച്ചു.
പയ്യന്നൂരിലെ ബിഎൽഒ അനീഷിൻ്റെ ആത്മഹത്യയെക്കുറിച്ചും സണ്ണി ജോസഫ് പ്രതികരിച്ചു. ആത്മഹത്യ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണമാണ് സണ്ണി ജോസഫ് ഉന്നയിച്ചത്. ‘കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ കൂടെ കൂട്ടിയതിന് സിപിഐഎം ബിഎല്‍ഒയെ ഭീഷണിപ്പെടുത്തി. കള്ളപരാതി നല്‍കി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെ ഫോണ്‍ സംഭാഷണമുണ്ട്. ജോലി ഭാരവും സിപിഐഎമ്മിന്റെ ഭീഷണിയുമാണ് ആത്മഹത്യക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
നിഷ്പക്ഷ അന്വേഷണം വേണമെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ കൊണ്ടുപോകുന്നത് ദുരൂഹമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. ബിഎല്‍ഒമാര്‍ക്ക് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. ബിഎല്‍ഒമാരുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കണ്ണ് തുറക്കാന്‍ ഈ പ്രതിഷേധം കാരണമാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം തീവ്രവോട്ടര്‍ പട്ടിക (എസ്‌ഐആര്‍) പരിഷ്‌കരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസും മുസ്‌ലിം ലീഗും. സര്‍ക്കാര്‍ പേരിനാണ് കേസ് നല്‍കിയതെന്നും സുപ്രീം കോടതിയില്‍ പോകുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. സുപ്രീം കോടതി വക്കീലിനെ ചുമതലപ്പെടുത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിലെ എസ്‌ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്.
















