കണ്ണൂർ ചാല ബൈപാസ് ജംക്‌ഷനു സമീപം നിർമാണത്തിലുള്ള ദേശീയപാതയിലൂടെ മദ്യലഹരിയിലുള്ളയാൾ ഓടിച്ച കാർ അടിപ്പാതയുടെ പാലത്തിനും മണ്ണിട്ട് ഉയർത്തിയ റോഡിനും ഇടയിലെ വിടവിൽ വീണു. അടിപ്പാതയിലെ റോഡിലേക്ക് തൂങ്ങിക്കിടന്ന കാറിൽ നിന്ന് ഡ്രൈവറെ നാട്ടുകാർ സാഹസികമായി പുറത്തെടുത്തു. ഏകദേശം 20 മിനിറ്റോളം പരിശ്രമിച്ചാണ് കാർ പുറത്തെടുത്തത്.
ഇന്നലെ വൈകിട്ട് 5.30ന് ബൈപാസിലെ ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാതയിലാണു സംഭവം. തലശ്ശേരി ഭാഗത്തുനിന്നു വന്ന കാർ ചാല ബൈപാസ് ജംക്‌ഷന് സമീപമെത്തിയപ്പോൾ, കണ്ണൂർ ഭാഗത്തേക്ക് മണ്ണിട്ടുയർത്തി നിർമിക്കുന്ന ദേശീയപാതയിലേക്ക് കയറുകയായിരുന്നു.
വേഗത്തിൽവന്ന കാർ ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാതയുടെ പാലത്തിനും മണ്ണിട്ട ഭാഗത്തിനുമിടയിലെ വിടവിലേക്കു വീഴുകയായിരുന്നു.
സമീപത്തെ ക്ഷേത്രത്തിൽ നിന്ന് നീളമേറിയ ഏണി കൊണ്ടുവന്നാണ് നാട്ടുകാർ ഡ്രൈവറെ കാറിൽനിന്ന് പുറത്തെത്തിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നതിനാൽ വീഴാതിരിക്കാൻ നാട്ടുകാരും ഒപ്പം നിന്നു. പിന്നീട് സാവധാനത്തിൽ താഴത്തേക്കിറക്കുകയായിരുന്നു.
കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി. കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മദ്യലഹരിയിൽ കാറോടിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെ (29) എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
















