ശബരിമലയിലെ വർധിച്ചുവരുന്ന തീർഥാടക തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശ്ശൂരിൽ നിന്നുള്ള 35 അംഗ സംഘമാണിത്. ചെന്നൈയിൽ നിന്നുള്ള എൻഡിആർഎഫിന്റെ രണ്ടാം സംഘം സന്നിധാനത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഈ സംഘം രാത്രിയോടെ പമ്പയിൽ എത്തും. ഇന്ന് സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണ്. ഭക്തരെ നിയന്ത്രിച്ച് സുഗമമായ ദർശനം ഉറപ്പാക്കുന്നു. ഇന്ന് വെർച്വൽ ക്യൂ വഴി 70,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 20,000 പേർക്കുമാണ് ദർശനം അനുവദിച്ചിരിക്കുന്നത്.
അതേസമയം ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഇന്ന് മുതൽ ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപോകാൻ സാഹചര്യമൊരുക്കും. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.
ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്സുകളിൽ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളം ഉറപ്പാക്കും. കുടിവെള്ളത്തിന് പുറമെ ലഘുഭക്ഷണവും ചുക്കു കാപ്പിയും നൽകും.
















