കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രായേൽ നടത്തുന്ന ഏറ്റവും കനത്ത വ്യോമാക്രമണത്തിൽ ഗാസയിൽ 28 പേർ കൊല്ലപ്പെടുകയും 77 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിനെ ലക്ഷ്യം വെച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
ഇസ്രായേൽ സൈനികർക്കുനേരെ ഹമാസ് ആദ്യം വെടിയുതിർത്തതിനാലാണ് തിരിച്ചടി നൽകിയതെന്നും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹമാസ് അംഗങ്ങളാണ് ആദ്യം വെടിയുതിർത്തതെന്നാണ് ഇസ്രായേലിൻ്റെ വാദം. ഹമാസിൻ്റെ ആക്രമണത്തിന് മറുപടിയായാണ് ഖാൻ യൂനിസിൽ വ്യോമാക്രമണം നടത്തിയതെന്നും ഇസ്രായേൽ സേന അറിയിച്ചു
ഗാസ സിറ്റിയുടെ പ്രാന്തപ്രദേശമായ സെയ്തൂണിൽ 10 പേരും കിഴക്കൻ ഷെജായ പ്രാന്തപ്രദേശത്ത് രണ്ട് പേരും തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ ബാക്കിയുള്ളവരും കൊല്ലപ്പെട്ടതായാണ് വിവരം.. എന്നാൽ, ഇസ്രായേലിൻ്റെ ആരോപണങ്ങളോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
















