ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 11.30ന് പട്‌നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും എൻ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
ഇത് പത്താം തവണയാണ് ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ അധികാരം ഏൽക്കുന്നത്.
ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരിയും, വിജയ് സിൻഹയും ഉപമുഖ്യമന്ത്രിമാരായി തുടരും. ബിജെപിയിൽ നിന്ന് 10 പേരും ജെഡിയുവിൽ നിന്ന് 9 പേരും ആകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. സ്പീക്കർ സ്ഥാനം ബിജെപിക്ക് നൽകാനാണ് നിലവിലെ ധാരണ. അതേസമയം ആഭ്യന്തരവകുപ്പിനെ ചൊല്ലി തർക്കം തുടരുകയാണ്.
ചിരാഗ് പസ്വാന്റെ എൽജെപിക്ക് മൂന്ന് മന്ത്രിസ്ഥാനവും എച്ച്എഎം, ആർഎൽഎം കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കുമെന്നാണ് വിവരം. നിതീഷ് കുമാറിന്റെ അടുത്ത അനുയായികളായ വിജയ് ചൗധരി, അശോക് ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവർ മന്ത്രിമാരാകുമെന്ന് ഉറപ്പാണ്.
















