മൂവാറ്റുപുഴ: ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിനെ പിന്നാലെ എത്തിയ ലോറി ഇടിച്ച് 11 പേർക്ക് പരുക്കേറ്റു. പുലർച്ചെ രണ്ടരയോടെ എം.സി.റോഡിലെ തൃക്കളത്തൂരിലാണ് അപകടം നടന്നത്.
ബസിനെ റോഡരികിലേക്ക് പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അമിതവേഗത്തിൽ എത്തിയ ലോറി നേരെ പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതം മൂലം ബസ് ഏകദേശം 50 അടിയോളം മുന്നോട്ട് തള്ളി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനും തുടർന്ന് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിനും ഇടിച്ചാണ് നിൽക്കുന്നത്. പോസ്റ്റ് ഇടിച്ചു നിൽക്കാത്തിരുന്നുവെങ്കിൽ ബസ് കനാലിലേക്ക് പതിക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു .
ലോറി ഡ്രൈവറായ പാലക്കാട് സ്വദേശി എം. റെമി (49), ബസ് ഡ്രൈവർ ഗൗതം കുമാർ (30) ആന്ധ്ര ചിറ്റൂരിൽ നിന്നുള്ള ശബരിമല തീർഥാടകരായ ബാലാജി (27), വെങ്കിടേഷ് (35), മോഹൻ ബാബു (22), ഗോവിന്ദൻ (30), ചന്ദ്ര റെഡ്‌ഡി (30) ശ്രിനിവാസലു (22), ഉമാപതി (41) ദുപിക (8) ഉദയകുമാർ (36) എന്നിവർക്കാണു പരുക്കേറ്റത്.
തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവർ റെമി, ബസ് ഡ്രൈവർ ഗൗതം കുമാർ എന്നിവരെ ആലുവയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ബസിൽ 2 കുട്ടികൾ ഉൾപ്പെടെ 33 തീർഥാടകർ ആണ് ഉണ്ടായിരുന്നത്. നിസ്സാര പരുക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
കെഎസ്ഇബിയിൽ ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി ബന്ധം വിഛേദിച്ചതും വൻ ദുരന്തം ഒഴിവാക്കി. അഗ്നിരക്ഷാ സേനയും പൊലീസും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ അഗ്നിരക്ഷാ സേന സബൈൻ ആശുപത്രിയിൽ എത്തിച്ചു. പരുക്കുകൾ ഗുരുതരമായതിനാൽ റെമിയെയും ഗൗതംകുമാറിനെയും ആലുവയിലെ ആശുപത്രിയിലേക്കു മാറ്റി. ക്രെയിനിന്റെ സഹായത്തോടെയാണു ലോറി റോഡിൽ നിന്നു നീക്കിയത്. വെള്ളം പമ്പ് ചെയ്‌ത് റോഡിലെ അപകടത്തിനു ശേഷം ഉണ്ടായ അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്തതോടെയാണു ഗതാഗതം പുനഃസ്‌ഥാപിച്ചത്.
















