ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനായി പ്രത്യേക അന്വേഷണസംഘം ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങിയശേഷം തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടൽ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
പത്മകുമാറിനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികളും കൃത്യമായ തെളിവുകളും ശേഖരിച്ചശേഷമാണ് പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. താന്‍ ദൈവതുല്യം കാണുന്നവര്‍ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ ഉണ്ടെങ്കില്‍ എന്തുചെയ്യാനാകുമെന്ന് നേരത്തെ പത്മകുമാര്‍ പ്രതികരിച്ചിരുന്നു.
ആ ദൈവതുല്യന്‍ ആര് എന്നുള്ളതാണ് ഇനി ഏറ്റവും പ്രധാന ചോദ്യമായി ഉയരുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പത്മകുമാറിന്റെ അറസ്റ്റ് സിപിഐഎമ്മിനുള്ളില്‍ പ്രതിരോധം സൃഷ്ടിച്ചിരിക്കുകയാണ്.
നിർണായക തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്‌ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായതിനാൽ പ്രത്യേക സംഘവും കരുതലോടെയാണ് അറസ്‌റ്റിന് മുൻപ് കരുക്കൾ നീക്കിയത്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടൽ എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പത്മകുമാറിന്റെ വീടിന് പൊലീസ് കാവല്‍ തുടരുന്നു. വീട്ടിലേക്ക് പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പൊലീസ് സുരക്ഷ. രാഷ്ട്രീയ സംഘടനകള്‍ വീട്ടിലേക്ക് ഇതുവരെ പ്രതിഷേധ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
















