ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ ഡോ. മുസമ്മിൽ ഷക്കീൽ ഫരീദാബാദിൽ വാടകയ്ക്ക് എടുത്തിരുന്ന വീട് ഒരു ‘ബോംബ് ഫാക്ടറി’യാക്കി മാറ്റിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവിടെ നടത്തിയ പരിശോധനയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്. രാസവസ്തുക്കൾ പൊടിച്ച് ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കാനായി വീട്ടിലുണ്ടായിരുന്ന ഫ്ളോർ മിൽ പരിഷ്കരിച്ചതായും അധികൃതർ കണ്ടെത്തി.
ഇതിനു പുറമേ, മറ്റ് നിരവധി ഇലക്ട്രിക് ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഡൽഹി സ്ഫോടനത്തിന് തൊട്ടുമുൻപ് ജമ്മു കശ്മീർ പോലീസ് ഈ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 350 കിലോഗ്രാം സ്ഫോടകവസ്തുക്കളും, രണ്ട് തോക്കുകളും, ടൈമറുകളും, വാക്കി ടോക്കികളും പിടിച്ചെടുത്തിരുന്നു.
പ്രത്യേകമായി രൂപകൽപ്പന ചെയ്ത വലിയ ഗ്രൈൻഡർ ഘടിപ്പിച്ച ഫ്ളോർ മില്ലാണ് വീട്ടിനുള്ളിൽ സ്ഥാപിച്ചിരുന്നത്. ഈ മില്ലുപയോഗിച്ചാണ് സ്ഫോടകവസ്തു നിർമ്മാണത്തിനായുള്ള രാസവസ്തുക്കൾ പൊടിച്ചെടുത്തതെന്നാണ് പോലീസിന്റെ നിഗമനം.
ഫരീദാബാദിലെ ഒരു ടാക്സി ഡ്രൈവറുടെ ഉടമസ്ഥതയിലുള്ള ഈ വീട്, ഡോ. മുസമ്മിൽ മാസവാടകയായ 1500 രൂപയ്ക്കാണ് എടുത്തിരുന്നത്. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ ഡോക്ടറാണ് മുസമ്മിൽ ഷക്കീൽ. ഇയാളുടെ കൂട്ടാളിയായ ഡോ. ഉമർ നബിയാണ് ഡൽഹിയിലെ ചെങ്കോട്ടയിൽ ചാവേർ സ്ഫോടനം നടത്തിയത്.
അൽ-ഫലാഹ് സർവകലാശാലയിൽ നിന്ന് ലഭിച്ച തെളിവുകൾ പ്രകാരം, ഇരുവരും ചേർന്ന് രണ്ട് വർഷത്തിലേറെയായി ഈ സ്ഫോടന പദ്ധതി ആസൂത്രണം ചെയ്തുവരികയായിരുന്നു. ഡോ. മുസമ്മിലിന്റെ ഡയറിയിൽ നിന്ന് നിരവധി കോഡുകളും, പേരുകളും, സംഖ്യകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഏകദേശം 25 മുതൽ 30 വരെ ആളുകളുടെ പേരുകൾ ഈ ഡയറികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പേരുകളിൽ ഭൂരിഭാഗവും മുസമ്മിലിന്റെയും ഉമറിന്റെയും സ്വദേശമായ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. കൂടാതെ ഫരീദാബാദിലെയും സമീപ പ്രദേശങ്ങളിലെയും ആളുകളുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
യുപിയിലെ സഹറൻപുരിൽ നിന്ന് നവംബർ 5ന് ഡോ. അദീൽ അഹമ്മദിനെ ഭീകരബന്ധത്തിന്റെ പേരിൽ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഡോ. മുസമ്മിൽ ഷക്കീലിനെയും ഡോ. ഷഹീൻ സയീദിനെയും കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. തുടർന്ന് നവംബർ 8ന് ഡോ. മുസമ്മിൽ ഷക്കീലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡോ. മുസമ്മിലിൽ നിന്നാണ് ചാവേർ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയെക്കുറിച്ചുള്ള ആദ്യ വിവരം പോലീസിന് ലഭിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ നവംബർ 10നാണ് ഡോ. ഉമർ നബി ഡൽഹി ചെങ്കോട്ടയിൽ ചാവേർ സ്ഫോടനം നടത്തിയത്. ഈ ഭീകരാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.
















