അങ്കമാലി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന മോഷണക്കേസ് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ട സംഭവം അങ്കമാലിയിൽ ആശങ്ക പരത്തി. അസം സ്വദേശിയായ രൂഹുൽ അമീൻ (28) ആണ് വെള്ളിയാഴ്ച വൈകിട്ട് 5.30-ഓടെ നാടകീയമായി രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താനായി പൊലീസ് ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു.
ആലുവ മുട്ടം ഐടി സ്ഥാപനത്തിൽ നിന്ന് നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് രൂഹുൽ അമീൻ. ആലുവ മജിസ്‌ട്രേറ്റ് അവധിയായതിനെ തുടർന്ന് പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കാനായാണ് എത്തിച്ചത്. കോടതിയുടെ മുൻപിൽ ജീപ്പ് നിർത്തിയ ഉടൻ തന്നെ, കൈവിലങ്ങ് ഇല്ലാതിരുന്ന പ്രതി പൊലീസുകാരെ കബളിപ്പിച്ച് പുറത്തേക്ക് ചാടി ഓടുകയായിരുന്നു.
ബസലിക്ക പള്ളിയിലേക്കുള്ള റോഡ് വഴിയാണ് ഇയാൾ ഓടി രക്ഷപ്പെട്ടതെന്നാണ് വിവരം. ഈ സമയം തിരക്കേറിയ കോടതി പരിസരത്ത് പ്രതി ഓടിപ്പോയത് നാട്ടുകാരിൽ അമ്പരപ്പുണ്ടാക്കി. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടാൻ ഊർജ്ജിതമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
















