പത്തനംതിട്ട കീഴ്വായ്പൂരിൽ വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി വയോധിക ദമ്പതികളിൽ നിന്നും 1.40 കോടിരൂപ തട്ടിയെടുത്തു. മല്ലപ്പള്ളി സ്വദേശിയായ കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി. മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്.ദമ്പതികളും കുടുംബവും അബുദാബിയിൽ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതിയാണ് നാട്ടിൽ വന്നത്.
18–ാം തീയതിയാണ് സംഭവം തുടങ്ങുന്നത്. ഷേർലി ഡേവിഡിനെ ഒരു അജ്ഞാതൻ ഫോണിൽ വിളിച്ചു മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പരിചയപ്പെടുത്തുകയും, തുടർന്ന് ഷേർലിയുടെ ഫോൺ നമ്പർ ഉപയോഗിച്ച് തട്ടിപ്പു നടത്തിയതിനു സൈബർ കേസ് എടുത്തിട്ടുണ്ടെന്നും, അതുകൊണ്ട് മുംബൈയിൽ ഉടൻ തന്നെ വന്ന് ജാമ്യം എടുക്കണം അല്ലെക്കിൽ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു.
ഇവർ ഇപ്പൊ വെർച്വൽ അറസ്റ്റിലാണെന്നും ഈ കാര്യം ആരോടും പറയരുതെന്നും അവർ നിർദ്ദേശിച്ചു. ഭയന്ന ഷെർലിക്ക് കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും മറ്റൊരു നമ്പറിൽ നിന്ന് ഫോൺ കോൾ വരികയും ഷേർളിയുടെ അക്കൗണ്ടിൽ അനധികൃതമായി 20 ലക്ഷംരൂപ വന്നതിനാൽ ഈ കേസ് സിബിഐക്ക് കൈമാറുകയാണെന്നും അറിയിച്ചു.
കുറച്ചു കഴിഞ്ഞു വീണ്ടും അവർ വിളിച്ചു റിസേർവ് ബാങ്കിന്റെ പരിശോധനക്കാണെന്നും അവർ നല്കുന്ന അക്കൗണ്ടിലേക്ക് പണം അയക്കാനും പറഞ്ഞു. ഉടൻ തന്നെ ദമ്പതികൾ 90.50 ലക്ഷം രൂപ അയച്ചു കൊടുത്തു. 20–ാം തീയതി വാട്സാപ് കോളിൽ വിളിച്ചു വീണ്ടും 50 ലക്ഷം രൂപ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. ദമ്പതികൾ അതും അയച്ചു കൊടുത്തു.
പിറ്റേ ദിവസം 21–ാം തീയതിയും 38 ലക്ഷം രൂപ കൂടി അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു വിളിച്ചു. ക്യാഷ് കൊടുക്കാനായി ദമ്പതികൾ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറംലോകം അറിയുന്നത്. ബാങ്ക് ജീവനക്കാർ ഉടനെ പോലീസിനെ അറിയിക്കുകയും കീഴ്‌വായ്പൂർ പൊലീസെത്തി പണം അയയ്ക്കുന്നത് തടഞ്ഞു. അതുപോലെ തട്ടിപ്പുകാർ പണം പിൻവലിക്കുന്നത് തടയാൻ വേണ്ട നടപടികളും സ്വീകരിച്ചിരിക്കുകയാണ്.
















