കൊച്ചി: ഫോർട്ട്‌കൊച്ചിയിൽ ചീനവലയുടെ തട്ട് തകർന്നുണ്ടായ അപകടത്തിൽ വിദേശ സഞ്ചാരികൾക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് ചീനവല നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസ് എടുത്തു. ഫോർട്ട്കൊച്ചി പുതുനഗരം കുരിശുപരമ്പിൽ കെ.എസ്. ജിയോ (44), ഫോർട്ട്കൊച്ചി സെൻട്രൽ ഓടത്തവെളിവിൽ പി.ജെ. ജോൺസൻ (67) എന്നിവർക്കാണ് കേസ് രജിസ്റ്റർ ചെയ്തത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സാമ്പത്തികലാഭത്തിനായി വിദേശ വിനോദസഞ്ചാരികളെ ചീനവലയിൽ കയറ്റിയതാണെന്നാണ് പൊലീസ് ആരോപണം. ഫോർട്ട്കൊച്ചി കമാല കടവിലെ ‘പാലം വല’ എന്നറിയപ്പെടുന്ന ചീനവലയിലാണ് വെള്ളിയാഴ്ച രാവിലെ സംഭവം ഉണ്ടായത്.
ജീർണാവസ്ഥയിലായിരുന്ന തട്ടിൽ ഏഴ് വിദേശ സഞ്ചാരികൾ ഒരുമിച്ച് കയറുന്തോടെ തിരക്കിലും ഭാരവും താങ്ങാനാകാതെ തട്ട് തകർന്നുവീണു. സഞ്ചാരികൾ കടലിന് സമീപമുള്ള കായലിലേക്ക് പതിച്ചു. ചീനവല തൊഴിലാളികളും സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇവരെ കരയിലേക്കെത്തിച്ചു.
ഫോർട്ട്കൊച്ചി വിനോദസഞ്ചാര കേന്ദ്രമായതിനാൽ വിദേശികളും ആഭ്യന്തര സഞ്ചാരികളും പണത്തിന് ചീനവലയിൽ കയറാറുണ്ട്. ഫോട്ടോ എടുക്കാൻ വേണ്ടിയും വല വലിപ്പിക്കുന്നത് പതിവാണെന്നും ഇത് അപകടകരമാണെന്ന മുന്നറിയിപ്പ് മുമ്പും പൊലീസ് നൽകിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ വിദേശ സഞ്ചാരികളുടെ ചില ബാഗുകളും നഷ്ടപെട്ടിരുന്നു.
















