നടി ആക്രമിക്കപ്പെട്ട കേസിൽ അന്തരിച്ച മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ പി.ടി. തോമസിനെ മൊഴി നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമമുണ്ടായെന്ന് ഭാര്യയും തൃക്കാക്കര എം.എൽ.എയുമായ ഉമാ തോമസിന്റെ നിർണ്ണായക വെളിപ്പെടുത്തൽ. കേസിൽ മൊഴി നൽകരുതെന്നും, മൊഴിയിൽ ചില കാര്യങ്ങൾ കൂട്ടിയും കുറച്ചും പറയണമെന്നും ചിലർ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഉമാ തോമസ് വ്യക്തമാക്കിയത്. സ്വാധീനിക്കാൻ ശ്രമിച്ച വ്യക്തികൾ ആരാണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അവർ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
മൊഴി ദുർബലമാക്കാൻ പല ഇടപെടലുകളും നടന്നതായി ഉമാ തോമസ് സ്ഥിരീകരിച്ചു. “മൊഴി കൊടുക്കേണ്ട എന്നൊരു പക്ഷമുണ്ടായിരുന്നു. മൊഴി ശക്തമാകരുതെന്ന് പറഞ്ഞവരുണ്ടായിരുന്നു,” അവർ പറഞ്ഞു. എന്നാൽ ഇതിനോട് പി.ടി. തോമസിന്റെ പ്രതികരണം ഇതായിരുന്നു: “ഞാൻ ഒന്നും കൂട്ടി പറയില്ല, പക്ഷേ, ഞാൻ ഒന്നും കുറച്ച് പറയാനും തയ്യാറല്ല.” മൊഴി നൽകുന്നതിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ പല ഭാഗത്തുനിന്നും ഇടപെടലുകൾ ഉണ്ടായിട്ടും പി.ടി. തോമസ് തന്റെ നിലപാടിൽ ഉറച്ചുനിന്നു.
ആക്രമണവിവരം പി.ടി. തോമസ് അറിഞ്ഞ ദിവസത്തെക്കുറിച്ചുള്ള വൈകാരികമായ ഓർമ്മകളും ഉമാ തോമസ് പങ്കുവെച്ചു. “പോയി തിരിച്ചുവന്നപ്പോൾ പി.ടി. ഭയങ്കര അസ്വസ്ഥനായിരുന്നു. എരിപിരികൊള്ളുന്നപോലെയായിരുന്നു. സ്വന്തം മകൾക്ക് സംഭവിച്ചതിന്റെ വേദനയാണ് പി.ടി.യിൽ കണ്ടത്,” അവർ പറഞ്ഞു. പതിവില്ലാതെ ഒരു അത്യാവശ്യ കാര്യത്തിന് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ പി.ടി. തോമസ്, തിരിച്ചെത്തിയ ശേഷം അന്ന് രാത്രി ഉറങ്ങിയിട്ടേയില്ലെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു.
വിവരം ലഭിച്ച ഉടൻതന്നെ പി.ടി. തോമസ് ആലപ്പുഴയിൽ രമേശ് ചെന്നിത്തല ഉപവാസം അനുഷ്ഠിക്കുന്ന സ്ഥലത്തേക്ക് പോവുകയും അവിടെവെച്ച് വിവരം അറിയിക്കുകയുമായിരുന്നു. അങ്ങനെയാണ് കേരളം മുഴുവൻ ഈ ആക്രമണവിവരം അറിയുന്നത്. അതിക്രമത്തിന് ശേഷം നടിയെ ആശ്വസിപ്പിച്ച ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു പി.ടി. തോമസ്. ധൈര്യമായി നിൽക്കണമെന്നും ഇനിയൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കരുതെന്നും അദ്ദേഹം നടിയോട് പറഞ്ഞു. കൂടാതെ, തന്റെ ഫോണിൽ നിന്നും ഐ.ജി.യെ വിളിച്ചു നൽകുകയും നടിയുമായി സംസാരിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായിരുന്നു അന്തരിച്ച പി.ടി. തോമസ്. അതിക്രമത്തിന് ശേഷം നടിയെ നേരിൽ കണ്ട ആദ്യത്തെ വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. ഈ കേസിൽ വിധി വരുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ച ഉമാ തോമസ്, “കുറ്റക്കാർക്ക് തക്കതായ ശിക്ഷ കിട്ടുമെന്നാണ് വിശ്വസിക്കുന്നത്,” എന്നും കൂട്ടിച്ചേർത്തു.
















