കോഴിക്കോട് മലാപ്പറമ്പ് ‘ഗാർഡനീയ’ ഫ്ലാറ്റിൽ നടന്ന അനാശാസ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഡ്രൈവർമാർ ഉൾപ്പെടെ 12 പേർക്കെതിരെ നടക്കാവ് പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ജില്ലാ പോലീസ് ആസ്ഥാനത്തെ ഡ്രൈവർമാരായിരുന്ന കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവർ ഇടപാടുകാരെ അനാശാസ്യ കേന്ദ്രത്തിൽ എത്തിക്കുന്ന ഇടനിലക്കാരായി പ്രവർത്തിക്കുകയും അതുവഴി പണം സമ്പാദിക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 11, 12 പ്രതികളാണ് ഈ പോലീസ് ഉദ്യോഗസ്ഥർ.
കഴിഞ്ഞ ജൂൺ 6-നാണ് നടക്കാവ് പോലീസ് സംഘം മലാപ്പറമ്പ് ഫ്ലാറ്റിൽ മിന്നൽ പരിശോധന നടത്തി ഒമ്പത് പേരെ പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് അനാശാസ്യ സംഘത്തിൽ രണ്ട് പോലീസ് ഡ്രൈവർമാർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികളും, 10 മുതൽ 12 വരെയുള്ള പ്രതികളും ഈ കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിലൂടെ ധനം സമ്പാദിച്ചതായും റിപ്പോർട്ടിലുണ്ട്. അതേസമയം, അനാശാസ്യ പ്രവർത്തനത്തിനായി കെട്ടിടം വാടകയ്ക്കെടുത്ത വിദേശത്തുള്ള എം.കെ. അനിമീഷിനെ കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
സംഭവത്തിൽ പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ, അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണ സംഘം സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും നേരത്തെ സേവനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ജൂൺ 11-ന് ഇവരെ കേസിൽ പ്രതിചേർത്ത് റിപ്പോർട്ട് നൽകിയതോടെ പോലീസ് ഡ്രൈവർമാർ ഒളിവിൽ പോയി.
പ്രതികൾ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയിൽ ശ്രമം നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ പോലീസ്, നഗരത്തിലെ ഇവരുമായി ബന്ധമുള്ളവരുടെ വാഹനങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. തുടർന്ന് ആറ് ദിവസത്തെ തിരച്ചിലിനൊടുവിൽ താമരശ്ശേരി കോരങ്ങോട്ടെ ഇവരുടെ സുഹൃത്തിന്റെ ആളില്ലാത്ത വീടിന് മുകളിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇരുവരേയും പോലീസ് പിടികൂടിയത്.
















