ന്യൂഡല്‍ഹി: പ്രമുഖ പാന്‍ മസാല വ്യവസായി കമാൽ കിഷോർ ചൗരസ്യയുടെ മരുമകളെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. ദീപ്തി ചൗരസ്യ (40) ആണ് മരിച്ചത്. ഡല്‍ഹി വസന്ത് വിഹാറിലെ വീട്ടിലാണ് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മകന്‍ അര്‍പിതിന്റെ ഭാര്യയാണ് ദീപ്തി. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം.
കമല പസന്ത്, രാജശ്രീ തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള പാന്‍ മസാല പുറത്തിറക്കുന്ന കമ്പനിയുടെ ഉടമയാണ് കമല്‍ കിഷോര്‍. കിടപ്പുമുറിയില്‍നിന്ന് ദീപ്തി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. അതേസമയം, ‘ഒരു ബന്ധത്തില്‍ സ്‌നേഹവും വിശ്വാസവും ഇല്ലെങ്കില്‍ ജീവിതത്തിന് അര്‍ഥമെന്താണ്’ എന്ന് കുറിപ്പിലുണ്ട്. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. വിശദമായ അന്വേഷണം ആരംഭിച്ചതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു. 2010ലാണ് ദീപ്തിയും അര്‍പിതും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് 14 വയസ്സുള്ള മകനും അഞ്ചുവയസ്സുള്ള മകളുമുണ്ട്.
















