മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിൽ സഹപ്രവർത്തകരിൽ നിന്ന് അപവാദ പ്രചാരണം കേട്ടതിൽ മനംനൊന്ത് ആത്മഹത്യാ ചെയ്ത് രണ്ട് സർക്കാർ ഉദ്യോഗസ്ഥർ. ബേതുല്‍ നഗര്‍ പരിഷത്തിലെ ക്ലര്‍ക്കായ രജനി ദുണ്ഡെല (48), വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ മിഥുന്‍ (29) എന്നിവരാണു മരിച്ചത്. ഇരുവരുടെയും മൃതദേഹം ബയവാഡി ഗ്രാമത്തിലെ കിണറ്റിൽ നിന്നും കണ്ടെടുക്കുകയായിരുന്നു.
മിഥുനും രജനി ദുണ്ഡെലക്കും എതിരെ മോശമായ പ്രചാരണം ആയിരുന്നു സഹപ്രവർത്തകർ ആരോപിച്ചത്. അവർ തമ്മിൽ വഴി വിട്ട ബന്ധമാണെന്ന് ആരോപിച്ചായിരുന്നു ഇവരെ സഹപ്രവർത്തകർ മാനസികമായി തളർത്തിയത്. ദിവസവും കുത്തുവാക്കുകൾ കേട്ട് മനംനൊന്ത് കുറച്ചു നാളുകളായി ഇരുവരും കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു.
പതിവ് പോലെ ഇരുവരും ജോലിക്കായി പോയതായിരുന്നു. എന്നാൽ നേരം ഒരുപാട് ആയിട്ടും തിരിച്ചു എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് രണ്ടുപേരുടെയും ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മിഥുന്റെ ഫോൺ ലൊക്കേഷൻ കണ്ടു പിടിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബയവാഡി ഗ്രാമത്തിലെ കിണറ്റിൽ നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. എസ്ഡിആർഎഫ് സംഘമാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. ഇരുവരുടെയും മൊബൈല്‍ ഫോണുകളും ചെരിപ്പുകളും ബൈക്കും കിണറിന്റെ സമീപത്തുന്ന ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രജനി ദുണ്ഡെലയുടെ വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. അതിൽ സഹപ്രവർത്തകർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതായി കണ്ടെത്തി. താനും മിഥുനും തമ്മിൽ വഴിവിട്ട ബന്ധമാണെന്ന് സഹപ്രവർത്തകർ പ്രചരിപ്പിച്ചുവെന്നും മിഥുൻ തനിക്ക് മകനെപ്പോലെയാണെന്നും കുറിപ്പിൽ പറയുന്നു. അപവാദപ്രചരണം കാരണം തങ്ങൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നും കുറിപ്പിൽ പറയുന്നു. സഹപ്രവർത്തകരിൽ ചിലരുടെ പേരുകളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
രജനിയുടെയും മിഥുന്റെയും മരണത്തിൽ അന്വേഷണം നടക്കുകയാണെന്നും ആരോപണം നേരിടുന്ന സഹപ്രവർത്തകർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രജനി വിധവയും 3 കുട്ടികളുടെ മാതാവുമാണ്. മകന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഈ സംഭവം നടക്കുന്നത്. മിഥുൻ അവിവാഹിതനാണ്.
















