രാഹുൽ മാങ്കൂട്ടത്തിലിനെയും കെ.സുധാകരനെയും രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ രാജ്മോഹൻ ഉണ്ണിത്താനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ. രാഹുലിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നതിനിടെയാണ് രാജ്മോഹൻ ഉണ്ണിത്താൻ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയത്. ‘നാറിയവനെ ചുമന്നാൽ ചുമന്നവനും നാറു’മെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഓരോ കാലത്തും ഓരോന്ന് മാറിമാറി പറയുന്നയാളാണ് കെ.സുധാകരനെന്നും ഉണ്ണിത്താൻ പറഞ്ഞിരുന്നു.
ആക്രമണം നേരിട്ടാൽ അവർക്ക് കവചമായി കെ.സുധാകരൻ കൂടെയുണ്ടാകുമെന്ന് സുധാകരനെ പിന്തുണയ്ക്കുന്ന ജയന്ത് ദിനേശ് ഫെയ്സ്ബുക്കിൽ കുറിച്ചു. ‘സദാചാര പ്രശ്നം പറഞ്ഞ് സിപിഎം ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും അങ്ങനെ തന്നെ. രാഹുലിനെ ആക്രമിക്കുമ്പോഴും അങ്ങനെതന്നെ. പി.ജെ.കുര്യനെയും ശശി തരൂരിനെയും ഇതു പോലെ വേട്ടപ്പട്ടികൾ ആക്രമിക്കാൻ വന്നപ്പോൾ ആദ്യം കവചം തീർത്തത് കെ.സുധാകരനാണ്. തല മറന്ന് എണ്ണ തേക്കരുത്. തേച്ചാൽ എന്തു സംഭവിക്കുമെന്ന് അണികളും പാർട്ടിയും പഠിപ്പിച്ചു തരുമെന്നും’ ജയന്ത് കുറിച്ചു.
രാഹുലിനൊപ്പം വേദി പങ്കിടുമെന്നും രാഹുൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി തിരിച്ചുവരണമെന്നും സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘‘കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഹൈക്കമാൻഡ് മാറ്റിയത് എന്തുകൊണ്ടാണെന്ന് മനസിലായല്ലോ ? രാഹുലിനെതിരെ നടപടി എടുത്തത് സുധാകരനോടും ആലോചിച്ചാണ്. അദ്ദേഹം പിന്നീട് എന്ത് അന്വേഷിച്ചെന്നാണ് പറയുന്നത്. കോൺഗ്രസിന്റെ മൂല്യബോധം തകർക്കാനും പ്രതിച്ഛായക്ക് ഭംഗം വരുത്താനുമാണ് രാഹുൽ ശ്രമിച്ചത്. അതിനെ ആര് ന്യായീകരിച്ചാലും അവരോടൊപ്പം നിൽക്കാനാകില്ല’’– എന്നായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.
Story Highlights : rajmohan-unnithan-criticism
















