ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടന്നതായി ആരോപിച്ച് പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ധ്രുവ് റാഠി രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആറ് തെളിവുകളാണ് അദ്ദേഹം തന്റെ യൂട്യൂബ് വീഡിയോയിലൂടെ പുറത്തുവിട്ടത്. താൻ നൽകിയ വിവരങ്ങൾ തെറ്റാണെങ്കിൽ അത് പൊതുസമൂഹത്തിന് മുന്നിൽ തെളിയിക്കാൻ നരേന്ദ്ര മോദി സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അദ്ദേഹം പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു. ഈ ആരോപണങ്ങൾ ഇന്ത്യൻ ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
ധ്രുവ് റാഠി ചൂണ്ടിക്കാട്ടുന്ന ആദ്യത്തെ തെളിവ് പെരുമാറ്റച്ചട്ടം ലംഘിച്ച് നൽകിയ പതിനായിരം രൂപയുടെ കൈക്കൂലിയാണ്. ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് ബിഹാറിലെ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ എത്തിയത് വോട്ടർമാരെ സ്വാധീനിക്കാൻ എൻഡിഎ സഖ്യം നിയമപരമായി നൽകിയ കൈക്കൂലിയാണെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന ഒക്ടോബർ 7-ന് ശേഷവും ഒക്ടോബർ 17, 24, 31, നവംബർ 7 തീയതികളിലായി സർക്കാർ ഈ പണം നൽകി.
ഇത് പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ യാതൊരു നടപടിയും എടുത്തില്ലെന്നും ആരോപിക്കുന്നു. സർക്കാർ രൂപീകരിച്ച ശേഷം 2 ലക്ഷം രൂപ കൂടി നൽകുമെന്ന് എൻഡിഎ വാഗ്ദാനം ചെയ്തതായും വീഡിയോയിൽ പറയുന്നു.
രണ്ടാമത്തെയും മൂന്നാമത്തെയും തെളിവുകൾ വ്യാജ വോട്ടർമാരെ സംബന്ധിച്ചാണ്. മറ്റ് സംസ്ഥാനങ്ങളിൽ വോട്ട് ചെയ്ത നിരവധി വോട്ടർമാർ ബിഹാറിലും വോട്ട് രേഖപ്പെടുത്തിയെന്ന് റാഠി ആരോപിക്കുന്നു. ബിജെപി പ്രവർത്തകരായ ചിലർ ഡൽഹി, ബിഹാർ, ഹരിയാന എന്നിവിടങ്ങളിൽ പല കാലഘട്ടങ്ങളിലായി വോട്ട് ചെയ്തതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് കണ്ടെത്തി വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.
വ്യാജ വോട്ടർമാരെ ബിഹാറിലേക്ക് എത്തിക്കാൻ ഹരിയാനയിൽ നിന്ന് പ്രത്യേക ട്രെയിനുകൾ ഓടിച്ചുവെന്നതാണ് അടുത്ത ആരോപണം. സുപ്രീം കോടതി അഭിഭാഷകനായ കപിൽ സിബലിനെ ഉദ്ധരിച്ച് നാലോളം സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചതായി അദ്ദേഹം പറയുന്നു. ഈ ട്രെയിനുകളിലെ യാത്രച്ചെലവും സൗജന്യ ഭക്ഷണവും വഹിച്ചത് ബിജെപിയോ മോദി സർക്കാരോ ആണെന്ന് യാത്രക്കാർ പറയുന്ന ദൃശ്യങ്ങളും റാഠി പുറത്തുവിട്ടു.
പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ മറയ്ക്കാൻ നിയമങ്ങൾ മാറ്റിയത് മറ്റൊരു സുപ്രധാന ആരോപണമാണ്. വോട്ടർമാർ വീണ്ടും വോട്ട് ചെയ്യുന്നുണ്ടോ എന്നതടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്താൻ ഈ ദൃശ്യങ്ങൾ സഹായകമായിരുന്നെങ്കിലും, പുതിയ നിയമം അനുസരിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസത്തിനകം ദൃശ്യങ്ങൾ മായ്ച്ചു കളയുകയും, വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമല്ലാതാകുകയും ചെയ്യും.
കൂടാതെ, 47 ലക്ഷത്തോളം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയെന്ന ഗുരുതരമായ ആരോപണവും റാഠി ഉന്നയിക്കുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ നടന്ന വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽ (SIR) 7.89 കോടി വോട്ടർമാർ 7.42 കോടിയായി കുറഞ്ഞു. പ്രതിപക്ഷ സ്വാധീന മേഖലയായ സീമാഞ്ചലിലാണ് വോട്ടുകൾ കൂടുതലായി വെട്ടിമാറ്റപ്പെട്ടത്. വെട്ടിമാറ്റിയവരിൽ 24.7 ലക്ഷം പേർ മുസ്‌ലിം വോട്ടർമാരായിരുന്നു. ദളിത്, ആദിവാസി വോട്ടർമാരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്തതായും ചിലർ പോളിംഗ് ബൂത്തുകളിൽ എത്തുന്നതിന് മുൻപ് തന്നെ അവരുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായും ധ്രുവ് റാഠി പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചു എന്നതാണ് അവസാനത്തെ ആരോപണം. ബിജെപിക്ക് സൗകര്യപ്രദമായ രീതിയിൽ വോട്ടെടുപ്പ് ദിവസങ്ങൾ നിശ്ചയിക്കുന്നു എന്നതിന് ഉദാഹരണമായി പശ്ചിമബംഗാളിലെ നീണ്ട ഘട്ടങ്ങളായുള്ള വോട്ടെടുപ്പ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചപ്പോഴും മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയപ്പോഴും കമ്മീഷൻ നടപടിയെടുത്തില്ലെന്നും, കാരണം മോദി സർക്കാരാണ് കമ്മീഷനെ തിരഞ്ഞെടുത്തതെന്നും റാഠി ആരോപിച്ചു.
2023-ലെ ഭേദഗതി പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസ് കൊടുക്കാൻ സാധിക്കില്ലെന്ന കാര്യവും ധ്രുവ് റാഠി ഓർമ്മിപ്പിച്ചു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ എൻഡിഎ സഖ്യം (ബിജെപി 89, ജെഡിയു 85) 202 സീറ്റുകൾ നേടി അധികാരത്തിൽ എത്തിയിരുന്നു. ആർജെഡിക്ക് 25-ഉം കോൺഗ്രസിന് ആറും സീറ്റുകളാണ് നേടാനായത്. ഈ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരുന്നുവെന്നും, യഥാർത്ഥ കഥ ഉപരിതലത്തിന് താഴെ ഒളിപ്പിച്ചതാണെന്നുമാണ് ധ്രുവ് റാഠി വീഡിയോയിലൂടെ സമർത്ഥിക്കാൻ ശ്രമിക്കുന്നത്.
















