ശബരിമലയിൽ മരണപ്പെടുന്ന തീർഥാടകരുടെ മൃതദേഹങ്ങൾ ഇനിമുതൽ സ്ട്രെച്ചറിൽ ചുമന്ന് താഴെയെത്തിക്കരുതെന്ന് ഹൈക്കോടതി. പകരം, മൃതദേഹങ്ങൾ താഴേക്കെത്തിക്കാൻ ആംബുലൻസ് സംവിധാനം ഉപയോഗിക്കണമെന്നും കോടതി കർശന നിർദേശം നൽകി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ ഉത്തരവ്.
ശബരിമലയിലെ സ്‌പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ ഇടപെടൽ. നിലവിലെ രീതിയിൽ, സന്നിധാനത്തെ സർക്കാർ ആശുപത്രികളിൽ നിന്ന് മൃതദേഹങ്ങൾ സ്ട്രെച്ചറുകളിൽ ചുമന്ന് താഴെയിറക്കുന്ന പ്രവണതയുണ്ട്. എന്നാൽ ഈ രീതി തീർഥാടകർക്ക്, പ്രത്യേകിച്ച് മലകയറി വരുന്നവർക്ക്, മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി.
ഓരോ മണ്ഡല-മകരവിളക്ക് സീസണിലും ശബരിമലയിൽ ശരാശരി 150-ഓളം പേർക്ക് ഹൃദയാഘാതം ഉണ്ടാകാറുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഏകദേശം 40-ഓളം പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്യാറുണ്ട്.
രോഗബാധിതരായവരെ താഴെയെത്തിക്കുന്നതിനായി നിലവിൽ ആംബുലൻസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ താഴെ എത്തിക്കുന്നതിനും ഈ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സ്ട്രെച്ചറുകൾ ഉപയോഗിച്ച് ചുമന്നിറക്കുന്നത് പൂർണ്ണമായി ഒഴിവാക്കണമെന്നുമാണ് കോടതി നൽകിയിരിക്കുന്ന നിർദേശം.
















