ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊർജിതമാക്കി. പ്രതി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത് അറസ്റ്റിന് തടസ്സമല്ലെന്നാണ് പൊലീസിൻ്റെ നിയമോപദേശം. എല്ലാ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദേശം നൽകി.
രാഹുൽ തലസ്ഥാനത്ത് എത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണം പൊലീസ് തള്ളിക്കളഞ്ഞു. ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമായി പൊലീസ് കാണുന്നു. പരാതിക്കാരിയുമായി പൊലീസ് പീഡനം നടന്ന ഫ്ലാറ്റിലെത്തി മഹസർ രേഖപ്പെടുത്തി. ഇന്ന് കൂടുതൽ സാക്ഷികളുടെ മൊഴിയെടുക്കും.
സീൽഡ് കവറിലായി ഒമ്പത് തെളിവുകളാണ് പരാതികാരിക്ക് എതിരെ രാഹുൽ കോടതിയിൽ നൽകിയത്. യുവതി ബാഹ്യപ്രേരണ കൊണ്ടാണ് രാഹുലിനെതിരെ പരാതി നൽകിതെന്നും ഗര്‍ഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്നുമടക്കം സ്ഥാപിക്കുന്നതിനുള്ള തെളിവുകളും രേഖകളുമാണ് നൽകിയത്.
ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിനൊപ്പമാണ് യുവതി കഴിഞ്ഞിരുന്നതിനുള്ള തെളിവുകളും രാഹുൽ നൽകിയ രേഖകളിലുണ്ടെന്നാണ് വിവരം.
അതിനിടെ, രാഹുൽ വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് കുരുക്കായി യുവതിയുടെ മൊഴിയും തെളിവുകളും. വിവാഹ ബന്ധം ഒഴിഞ്ഞപ്പോൾ രാഹുൽ ആശ്വസിപ്പിക്കാനെത്തിയെന്നാണ് യുവതി മൊഴി നല്കിയത്. ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു. സൗഹൃദം പ്രണയമായപ്പോൾ കൂടുതൽ അടുപ്പമുണ്ടായി.
ഇത് മുതലെടുത്ത് ക്രൂരമായി ബലാത്സംഗം ചെയ്തെന്നും മൊഴിയിലുണ്ട്. നഗ്ന ദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി വരുതിയിലാക്കിയെന്നും യുവതി പൊലീസിന് മൊഴിനല്കി. മൊഴികളെ സാധൂകരിക്കുന്ന തെളിവുകളും യുവതി കൈമാറി. കൂടാതെ അതിജീവിതയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
















